ആര്‍ക്കൈവ് രേഖകളുടെ ഡിജിറ്റൈസേഷന്; ക്രൈസ്റ്റ് കോളജും ഗ്രന്ഥപ്പുര ഫൗണ്ടേഷനും ധാരണാപത്രം ഒപ്പുവച്ചു
1479065
Thursday, November 14, 2024 6:55 AM IST
ഇരിങ്ങാലക്കുട: ഭാരതീയഭാഷകളിലെ ചരിത്ര പ്രാധാന്യമുള്ള രേഖകള്‍ ഡിജിറ്റല്‍ രൂപത്തിലാക്കി സംരക്ഷിക്കുന്നതിന് ബംഗളൂരു ആസ്ഥാനമായുള്ള ഇന്ഡിക്ക് ഡിജിറ്റല്‍ ആര്‍ക്കൈവ് ഫൗണ്ടേഷന്റെ ഗ്രന്ഥപ്പുര പദ്ധതിയുമായി സഹകരിക്കുന്നതിന് ക്രൈസ്റ്റ് കോളജ് മലയാളവിഭാഗം ധാരണാപത്രം ഒപ്പിട്ടു.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു കോളജ് ഡിജിറ്റൈസേഷന് പദ്ധതിയുമായി ധാരണാപത്രം ഒപ്പുവയ്ക്കുന്നത്. ഇതുപ്രകാരം ആദ്യഘട്ടത്തില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് മലയാള വിഭാഗത്തിലെ 10 വിദ്യാര്‍ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ് സൗകര്യമൊരുക്കുന്നതിനു ഗ്രന്ഥപ്പുര ഫൗണ്ടേഷനുമായി ധാരണയില്‍ എത്തിയിട്ടുണ്ട്.
ഗ്രന്ഥപ്പുര ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നാലായിരത്തോളം പുസ്തകങ്ങളും നാലുലക്ഷത്തിലേറെ പുറങ്ങളും നിലവില്‍ ഡിജിറ്റല്‍ ഫോര്മാറ്റിലാക്കിയിട്ടുണ്ട്.
അടുത്ത ഘട്ടത്തില്‍ മലയാളത്തിലെ പ്രധാനപ്പെട്ട രേഖകളെല്ലാം ഡിജിറ്റല്‍ ഫോര്‍മാറ്റിലാക്കി കൈമോശംവരാതെ സൂക്ഷിക്കുന്നതിനുള്ള നടപടികള്‍ ഗ്രന്ഥപ്പുര ഫൗണ്ടേഷന് ആവിഷ്കരിച്ചു വരികയാണെന്ന് ഫൗണ്ടേഷന് ഡയറക്ടര്‍ ഷിജു അലക്സ് പറഞ്ഞു.
ക്രൈസ്റ്റ് കോളജ് സെമിനാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസും ഡിജിറ്റല്‍ ആര്‍ക്കൈവ് ഫൗണ്ടേഷന് ഡയറക്ടര്‍ ഷിജു അലക്സും ധാരണാപത്രത്തില്‍ ഒപ്പിട്ടു.
മലയാള വിഭാഗം കോ-ഓര്‍ഡിനേറ്റര്‍ എ. സിന്റോ കോങ്കോത്ത്, കൊല്ലം പ്രാക്കുളം ഗവ. സ്കൂള്‍ ഹെഡ്മാസ്റ്റര് കണ്ണന് ഷണ്മുഖം, ഡോ. ടി. വിവേകാനന്ദന്, ഫാ. ടെജി കെ. തോമസ്, ഡോ. സി.വി. സുധീര്‍, കെ.എസ്. സരിത എന്നിവര്‍ സംസാരിച്ചു.