വിദ്യാർഥി കൺസഷൻ കാർഡിലെ വ്യാജൻ തടയും: മന്ത്രി ആർ. ബിന്ദു
1479647
Sunday, November 17, 2024 2:59 AM IST
തൃശൂർ: വിദ്യാർഥികൾക്ക് അനുവദിച്ച കൺസഷൻ കാർഡിന്റെ വ്യാജനുണ്ടാക്കി യാത്രചെയ്യുന്നതു തടയാൻ നടപടി സ്വീകരിക്കുമെന്നു മന്ത്രി ആർ. ബിന്ദു. ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ 37-ാമത് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കെഎസ്ആർടിസിയും സ്വകാര്യ പൊതുഗതാഗതമേഖലയും ഒരുപോലെ സംരക്ഷിക്കുമെന്നും ദീർഘദൂര സർവീസ് നടത്തുന്ന സ്വകാര്യബസുകളുടെ പെർമിറ്റുകൾ പിടിച്ചെടുക്കില്ലെന്നും മന്ത്രി പറഞ്ഞു.
അസോസിയേഷൻ പ്രസിഡന്റ് എം.എസ്. പ്രേംകുമാർ അധ്യക്ഷത വഹിച്ചു.അസോസിയേഷൻ അംഗങ്ങളുടെയും ബസ് ജീവനക്കാരുടെയും മക്കളിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കു കാഷ് അവാർഡ് നല്കി. അസോസിയേഷൻ അംഗങ്ങൾ മരിച്ചാൽ ആശ്രിതർക്ക് ഒരു ലക്ഷം രൂപ നൽകുന്ന വെൽഫെയർ സ്കീം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു.
പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി ഹംസ ഏരിക്കുന്നൻ വിരമിച്ച അംഗങ്ങളെ പൊന്നാടയണിയിച്ച് ആദരിച്ചു. അസോസിയേഷന്റെ ഡീലർഷിപ്പിലുള്ള തൃശൂർ റൗണ്ട് നോർത്തിലെ പെട്രോൾ പമ്പിൽനിന്നു ഡീസലടിക്കുന്ന ബസുടമകൾക്കുള്ള സ്മാർട്ട് ഫ്ളീറ്റ് ഇൻസെന്റീവ് ബിപിസിഎൽ കാലിക്കട്ട് ടെറിട്ടറി മാനേജർ ജയദീപ് സുഭാഷ് പോട്ദാറിൽനിന്ന് ഹംസ ഏരിക്കുന്നൻ ഏറ്റുവാങ്ങി. കെ. സത്യൻ സമ്മാനദാനം നിർവഹിച്ചു. പി.ജി. രാധാകൃഷ്ണൻ, കെ.എസ്. ഡൊമിനിക്, സി.എ. ജോയ്, വി.വി. അനിൽകുമാർഎന്നിവർ പ്രസംഗിച്ചു.