നഗരസഭയുടെ ആധുനിക അറവുശാല പദ്ധതി: കിഫ്ബി, അമൃത് ഏജന്‍സിയില്‍നിന്ന് ഗ്രാന്റ് ലഭിക്കില്ല
1479266
Friday, November 15, 2024 5:54 AM IST
ഇരിങ്ങാലക്കുട: ആധുനിക അറവുശാല നിര്‍മാണത്തിന് കിഫ്ബി, അമൃത് പദ്ധതികളിൽ നിന്നുമുള്ള ഗ്രാന്റ് സാധ്യത മങ്ങിയതോടെ ഫണ്ട് കണ്ടെത്താനുള്ള ബദല്‍വഴികള്‍ തേടി ഇരിങ്ങാലക്കുട നഗരസഭ. കണ്ണൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഫാമിംഗ് ആൻഡ് ഫുഡ് പ്രൊസസിംഗ് ഏജന്‍സിയുടെ നേതൃത്വത്തില്‍ അറവുശാലയ്ക്കായി സമഗ്രമായ പ്രൊജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് മാസങ്ങള്‍ പിന്നിട്ടെങ്കിലും ഫണ്ട് വിഷയത്തില്‍ തുടര്‍നടപടികള്‍ നീളുകയായിരുന്നു.
കോമ്പാറയില്‍ നഗരസഭയുടെ 60 സെന്റ് സ്ഥലത്ത് പ്രവര്‍ത്തിച്ചിരുന്ന അറവുശാലയ്ക്ക് 2012 ഏപ്രില്‍ 22നാണു പൂട്ടു വീണത്. അറവുശാല കെട്ടിടത്തിന്റെ മതില് ഇടിഞ്ഞുവീഴുകയും മാലിന്യങ്ങള്‍ പുറത്തേക്ക് ഒഴുകുകയും സമീപത്തെ കിണറുകള്‍ മലിനമാവുകയും ചെയ്തതോടെ പരിസരവാസികള്‍ പ്രതിഷേധവുമായി രംഗത്തുവരികയും അറവുശാലയുടെ പ്രവര്‍ത്തനം താത്കാലികമായി നിർത്തുകയായിരുന്നു.
എതാനും മാസങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് അന്നത്തെ നഗരസഭ ഭരണനേതൃത്വം പ്രഖ്യാപിച്ചിരുന്നുവെങ്കിലും ചട്ടങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തനം തുടരാന്‍ കഴിയില്ലെന്നു മലിനീകരണ നിയന്ത്രണ ബോര്‍ഡ് നോട്ടീസും നല്‍കിയതോടെ നഗരസഭയുടെ മുന്നിലുള്ള താത്കാലിക മാര്‍ഗങ്ങള്‍ അടയുകയായിരുന്നു. തുടര്‍ന്നാണ് കിഫ്ബി, അമ്യത് പദ്ധതികളില്‍നിന്ന് ഗ്രാന്റിന്റെ സാധ്യതതേടി ആധുനിക അറവുശാല യാഥാര്‍ഥ്യമാക്കാനുള്ള ആലോചനകള്‍ സജീവമാക്കിയത്.
അറവുശാല നിര്‍മാണത്തിനും നടത്തപ്പിനും ടെൻഡര്‍ വിളിക്കാനും ഇതിന് ആവശ്യമായ ഫണ്ട് കിഫ്ബിയില്‍നിന്ന് അഞ്ചുശതമാനം പലിശ നിരക്കില്‍ കണ്ടെത്താനും 12 വര്‍ഷത്തെ നടത്തിപ്പിനുശേഷം അറവുശാല നഗരസഭയ്ക്കു കൈമാറാനുള്ള ആലോചനകളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. കിഫ്ബി ലോണ്‍ പലിശ സഹിതം നിര്‍മാണ ടെൻഡര്‍ എടുക്കുന്ന വ്യക്തി അടച്ചു തീര്‍ക്കണം. കൊച്ചി, തൃശൂര്‍, പുനലൂര്‍, ആറ്റിങ്ങല്‍ എന്നീ തദ്ദേശസ്ഥാപനങ്ങള്‍ ഇതേ മാതൃകയിലാണു മുന്നോട്ടു നീങ്ങുന്നത്. ഡിപിആര്‍ തയാറാക്കിയതിന്റെ മുഴുവന്‍ തുക പദ്ധതി റിവിഷനില്‍ ഉള്‍പ്പെടുത്തി നല്‍കുമെന്നാണു നഗരസഭ അധികൃതര്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്.