വേതനം നൽകാതെ ചൂഷണം: സ്കൂൾപാചകത്തൊഴിലാളികൾ നിൽപ്പുസമരം നടത്തി
1479642
Sunday, November 17, 2024 2:59 AM IST
തൃശൂർ: തൊഴിലെടുത്തിട്ടും മാസങ്ങളായി വേതനം നൽകാതെ സ്കൂൾപാചകത്തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് സർക്കാർ അവസാനിപ്പിക്കണമെന്ന് സ്കൂൾപാചകത്തൊഴിലാളി സംഘടന (എച്ച്എംഎസ്) സംസ്ഥാന ജനറൽ സെക്രട്ടറി ടോമി മാത്യു. സ്കൂൾപാചകത്തൊഴിലാളി സംഘടന (എച്ച്എംഎസ്) കളക്ടറേറ്റിനു മുന്പിൽ പ്രതിഷേധജ്വാല തെളിയിച്ചുനടത്തിയ നിൽപ്പുസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനവ്യാപകമായി നടത്തുന്ന ശ്രദ്ധക്ഷണിക്കൽ സമരത്തിന്റെ ഭാഗമായാണു തൃശൂരിലും സമരം സംഘടിപ്പിച്ചത്.
തൊഴിലാളികൾക്കു നല്കാനുള്ള മൂന്നുമാസത്തെ ശമ്പളക്കുടിശിക വിതരണം ചെയ്യുക, തൊഴിലാളികൾ എന്ന നിർവചനത്തിൽനിന്നു സ്കൂൾപാചകത്തൊഴിലാളികളെ പുറത്താക്കി വേതനത്തിനുപകരം ഓണറേറിയംമാത്രം നൽകാനുള്ള ഉത്തരവ് പിൻവലിക്കുക, 2016ൽ ഉമ്മൻചാണ്ടി സർക്കാർ അംഗീകരിച്ച 250 വിദ്യാർഥികൾക്ക് ഒരു തൊഴിലാളി എന്ന തീരുമാനം നടപ്പാക്കുക, മിനിമം വേതനം ആയിരം രൂപയായി വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു.
തമിഴ്നാട്, പോണ്ടിച്ചേരി സർക്കാരുകൾ സ്കൂൾപാചകത്തൊഴിലാളി ഉന്നമനത്തിനുവേണ്ടി നൂൺ മീൽ ഓർഗനൈസർ, കുക്ക്, കുക്ക് അസിസ്റ്റന്റ് തസ്തികകൾ സൃഷ്ടിച്ചു സ്കൂൾ ഉച്ചഭക്ഷണപദ്ധതി കാര്യക്ഷമമാക്കുകയും തൊഴിലാളികളെ സർക്കാർജീവനക്കാരായി അംഗീകരിച്ച് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകുന്നതുപോലെ കേരളത്തിലെ 13,611 സ്കൂൾ പാചകത്തൊഴിലാളികളെയും പരിഗണിക്കാൻ കേരളസർക്കാർ തയാറാകണമെന്നും ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി ജി. ഷാനവാസ് അധ്യക്ഷത വഹിച്ചു. തേറമ്പിൽ ശ്രീധരൻ, റോസി റപ്പായി, എച്ച്എംഎസ് ജില്ലാ സെക്രട്ടറി കെ.എസ്. ജോഷി, പി.എം. ഷംസുദീൻ, ഓമന ശിവൻ, കെ.കെ. ഭുവനേശ്വരി, ഷക്കീല അബ്ദുൾ റഹ്മാൻ എന്നിവർ പ്രസംഗിച്ചു.