ഒല്ലൂർ സെന്റർ വികസനം: സ്ഥലമേറ്റെടുക്കൽ ഉടൻ ആരംഭിക്കും
1479641
Sunday, November 17, 2024 2:59 AM IST
ഒല്ലൂർ: വർഷങ്ങളായുള്ള കാത്തിരിപ്പിനു വിരാമമിട്ട് ഒല്ലൂർ സെന്റർ വികസനത്തിനു സ്ഥലമേറ്റെടുക്കൽനടപടികൾ ഉടൻ തുടങ്ങും. ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ രണ്ടാഴ്ചയ്ക്കുള്ളിൽ പ്രത്യേക ഓഫീസ് പ്രവർത്തനം ആരംഭിക്കുമെന്ന് മന്ത്രി കെ. രാജൻ അറിയിച്ചു.
അനുവദിച്ച 55.17 കോടിക്കുപുറമേ കൂടുതൽ തുക അനുവദിക്കും. റോഡിന്റെ ഫൈനൽ അലൈന്മെന്റ് തയാറാക്കി ഉടൻ കിഫ്ബിക്കു കൈമാറും. സാമ്പത്തിക അനുമതി ലഭിച്ചശേഷം റവന്യു നടപടികൾ ആരംഭിക്കും. സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാരികളുടെയും വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാരുടെയും പുനരധിവാസം ഉറപ്പാക്കുന്ന തരത്തിലാണ് പദ്ധതി തയാറാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ആറുമാസംകൊണ്ട് ഭൂമി ഏറ്റെടുക്കുന്ന നടപടികൾ പൂർത്തിയാക്കും. ജില്ലാ കളക്ടർ സ്ഥലമേറ്റെടുക്കുന്ന നടപടികൾക്ക് നേതൃത്വംവഹിക്കും. രണ്ടാഴ്ച കൂടുമ്പോൾ നടപടിക്രമങ്ങൾ താൻ നേരിട്ടുവിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു.
ഒല്ലൂർ സെന്ററിൽ സിഗ്നൽ സംവിധാനമടക്കം ഒരുക്കിയാണ് സമഗ്രവികസനം നടപ്പിലാക്കുക. ഒല്ലൂർ സെന്ററിൽനിന്നു തൃശൂർ, തലോർ, പടവരാട് ഭാഗങ്ങളിലേക്കുള്ള റോഡുകൾ 200 മീറ്ററോളം നീളത്തിൽ 21 മീറ്ററാക്കി വീതികൂട്ടും. ഒല്ലൂർ ജംഗ്ഷനിൽനിന്നുള്ള മറ്റൊരു റോഡ് 200 മീറ്റർ നീളത്തിൽ 12 മീറ്ററാക്കി വീതിവർധിപ്പിച്ച് രണ്ടുവരിപ്പാതയാക്കുന്നതാണ് പദ്ധതി.