ചിറങ്ങര റെയിൽവേ മേൽപ്പാലം ഡിസംബർ ഏഴിന് സമർപ്പിക്കും
1479573
Saturday, November 16, 2024 7:29 AM IST
കൊരട്ടി: വിവാദങ്ങൾക്കും വാദപ്രതിവാദങ്ങൾക്കുമൊടുവിൽ ആശയക്കുഴപ്പങ്ങൾക്ക് പരിസമാപ്തി കുറിച്ച്, നീണ്ട നാലു വർഷത്തെ കാത്തിരിപ്പിനു വിരാമമിട്ട് ഡിസംബർ ഏഴിന് ചിറങ്ങര റെയിൽവേ മേൽപ്പാലം നാടിനു സമർപ്പിക്കും. അവസാന ഘട്ടത്തിലെത്തി നിൽക്കുന്ന പാലത്തിന്റെ നിർമാണങ്ങൾ നേരിട്ടു കാണാനെത്തിയ സനീഷ്കുമാർ ജോസഫ് എംഎൽഎ ഔദ്യോഗികമായി അറിയിച്ചതാണിത്. ഡിസംബർ ഏഴിന് രാവിലെ പത്തിന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. കഴിഞ്ഞയാഴ്ച പാലത്തിന്റെ ബലപരിശോധന നടന്നിരുന്നു. ഒന്നര ദിവസം 250 ടൺ ഭാരം വരുന്ന കോൺക്രീറ്റ് ബ്ലോക്കുകൾ കയറ്റിവച്ചായിരുന്നു പരിശോധന നടത്തിയത്.
പാലത്തിനു മുകളിലും താഴെയുമുള്ള ടാറിംഗ് ജോലികൾക്ക് പുറമെ പെയിന്റിംഗ്, സോളാർ വിളക്കുകൾ, നടപ്പാത, ബാറ്ററി റൂം, സോളാർ പാനലുകൾ തുടങ്ങിയ നിർമാണങ്ങൾ പൂർത്തിയായിട്ടുണ്ട്. റെയിൽവേ ട്രാക്കിനു മുകളിലുള്ള സേഫ്ടി ബെൽറ്റു (പാർശ്വഭിത്തികൾ) കളുടെ നിർമാണവും താഴെ ഡ്രൈനേജിന്റേതടക്കമുള്ള അവശേഷിക്കുന്ന പണികളും ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും.
പാലത്തിനു താഴെയുള്ള ഭാഗം ഓപ്പൺ ജിംനേഷ്യത്തിനായി ഉപയോഗപ്പെടുത്തുവാനുള്ള അനുമതിക്ക് പഞ്ചായത്ത് കത്ത് നൽകിയിട്ടുണ്ട്.
2021 ജനുവരിയിലായിരുന്നു മേൽപ്പാലത്തിന്റെ നിർമാണം ആരംഭിച്ചത്. 12 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു വാഗ്ദാനം.
ഇക്കഴിഞ്ഞ ഡിസംബറിൽ നടന്ന നവകേരള സദസിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പുതുവത്സര സമ്മാനമായി ചിറങ്ങര റെയിൽവേ മേൽപ്പാലം നാടിനു സമർപ്പിക്കുമെന്ന പ്രഖ്യാപിച്ചിരുന്നു.
പിന്നീട് കൊരട്ടിമുത്തിയുടെ തിരുനാളിനു മുമ്പ് തുറക്കുമെന്ന വാഗ്ദാനവും ജലരേഖയായതോടെ കൊരട്ടി മർച്ചന്റ്സ് അസോസിയേഷൻ പ്രതിഷേധ സമരവുമായി രംഗത്തുവന്നു. പിന്നീട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയും ചിറങ്ങരയിൽ ധർണ സംഘടിപ്പിച്ചിരുന്നു. ഇതോടെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ എൽഡിഎഫ് മെമ്പർമാർ തിരുവനന്തപുരത്ത് പൊതുമരാമത്ത് മന്ത്രിയുമായി ചർച്ച നടത്തി. തുടർന്ന് നിർമാണം അടിയന്തരമായി പൂർത്തിയാക്കാൻ ആർബിഡിസിക്ക് നിർദ്ദേശം നൽകുകയും 15ന് തുറന്നുകൊടുക്കാൻ ധാരണയാവുകയുമായിരുന്നു.
ഈ ഉറപ്പും എങ്ങുമെത്താതായതോടെ പ്രാദേശിക സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ ഇരുവിഭാഗങ്ങളും തമ്മിലുള്ള വാഗ്വാദങ്ങൾക്കും പോർവിളികൾക്കും കാരണമായി. തുടർന്നാണ് ഔദ്യോഗിക പ്രഖ്യാപനം വന്നത്.
പാലം യാഥാർഥ്യമാകുന്നതോടെ കൊരട്ടിയുടെ പടിഞ്ഞാറൻ മേഖലകളായ അന്നമനട, വാളൂർ, കാടുകുറ്റി, കുഴൂർ, മാള, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലേക്കു യാത്ര ചെയ്യുന്നവർക്കും വിശിഷ്യ പ്രദേശവാസികൾക്കും ഏറെ ആശ്വാസമാകും.