ദീപിക കളർ ഇന്ത്യ സീസണ്-3 ജില്ലാതല സമാപനസമ്മേളനം
1479251
Friday, November 15, 2024 5:54 AM IST
മത്സരങ്ങളിൽ പങ്കെടുക്കുക പ്രധാനം:
കളക്ടർ അർജുൻ പാണ്ഡ്യൻ
തൃശൂർ: മത്സരങ്ങളിൽ വിജയിക്കുന്നതിനപ്പുറം പങ്കെടുക്കുകയെന്നതാണു പ്രധാനമെന്നും അതിനു മുൻകൈയെടുത്ത അധ്യാപകരെയും മാതാപിതാക്കളെയും അഭിനന്ദിക്കുന്നെന്നും തൃശൂർ ജില്ലാ കളക്ടർ അർജുൻ പണ്ഡ്യൻ. സെന്റ് തോമസ് തോപ്പ് ഹയർ സെക്കൻഡറി സ്കൂളിൽ ദീപിക കളർ ഇന്ത്യ സീസണ്-3 പെയിന്റിംഗ് മത്സരത്തിന്റെ ജില്ലാതല സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ഏറ്റവും കൂടുതൽ പാരന്പര്യമുള്ള ദിനപ്പത്രമാണു ദീപിക. കുട്ടികൾക്കായി കളറിംഗ് മത്സരം നടത്തുന്പോൾ അതിനു തെരഞ്ഞെടുത്ത വിഷയവും പ്രശംസനീയമാണ്. കുട്ടികളിൽ രാജ്യസ്നേഹവും സാഹോദര്യവും വളർത്തുന്നതിന് ഇത്തരം മത്സരങ്ങൾ സഹായിക്കും. മത്സരങ്ങൾക്കു തയാറെടുക്കുന്പോൾതന്നെ ഒരുപാടു കാര്യങ്ങൾ പഠിക്കും. ശിശുദിനത്തിൽ ഇവിടെയെത്തിയ എല്ലാ കുഞ്ഞുങ്ങൾക്കും ആശംസയറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. വിജയികൾക്കുള്ള സമ്മാനദാനവും കളക്ടർ നിർവഹിച്ചു.
അതിരൂപത വികാരി ജനറാൾ മോൺ. ജോസ് വല്ലൂരാൻ, ദീപിക തൃശൂർ റസിഡന്റ് മാനേജർ ഫാ. ജിയോ തെക്കിനിയത്ത്, മാർക്കറ്റിംഗ് കോ-ഓർഡിനേറ്റർ ഫാ. ജിയോ ചെരടായി, ദിലീപ് ആർക്കെയ്സ് സ്റ്റഡി കണ്‍സൾട്ടൻസിയുടെ സിഇഒയും മാസ്റ്റർ കണ്‍സൾട്ടന്റുമായ ദിലീപ് മേനോൻ, സൗത്ത് ഇന്ത്യൻ ബാങ്ക് ജനറൽ മാനേജരും കന്പനി സെക്രട്ടറിയുമായ ജിമ്മി മാത്യു, തൃശൂർ വെരാന്ത റേസ് ഫ്രാഞ്ചൈസി ഉടമ സി.സി. അലോഷ്യസ്, ടിസി ഗോൾഡ് തൃശൂർ മാനേജിംഗ് ഡയറക്ടർ ടി.സി. ബിജു, കൗണ്‍സിലർ ലീല വർഗീസ് എന്നിവർ പങ്കെടുത്തു.