പാരാ അത്ലറ്റിക് മീറ്റ് 2024 നടത്തി
1479645
Sunday, November 17, 2024 2:59 AM IST
തൃശൂർ: ഭിന്നശേഷിക്കാരായ കായികതാരങ്ങളെ ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് മൈതാനത്തു പാരാ അത്ലറ്റിക് മീറ്റ് 2024 സംഘടിപ്പിച്ചു. സ്പോർട്സ് അസോസിയേഷൻ ഫോർ ഡിഫറന്റ്ലി ഏബിൾഡ് തൃശൂർ, ദർശന സർവീസ് സൊസൈറ്റി, ദർശന ക്ലബ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ബിപിഇ വിഭാഗം തവനിഷ് സംഘടന എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി. ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽനിന്നായി നൂറിലധികം ഭിന്നശേഷിക്കാർ മത്സരങ്ങളിൽ പങ്കെടുത്തു.
കോളജ് മാനേജർ ഫാ. ജോയ് പീണിക്കപ്പറമ്പിൽ സിഎംഐ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഫാ. ജോളി മാളിയേക്കൽ സിഎംഐ അധ്യക്ഷത വഹിച്ചു.
കാഴ്ചപരിമിതരുടെ ദേശീയ വനിതാ ഫുട്ബോൾ ടൂർണമെന്റിൽ മൂന്നാംസ്ഥാനം കരസ്ഥമാക്കിയ കേരള ടീം അംഗങ്ങളായ ശാലിനി കൊല്ലം, ഹീര തൃശൂർ, വിനായക പാലക്കാട്, ബീന തിരുവനന്തപുരം, അപർണ മലപ്പുറം, അജുഷ മലപ്പുറം, ജിഷ കാസർഗോഡ്, രേഷ്മ വയനാട് എന്നിവരെ ആദരിച്ചു. പാരാ അത്ലറ്റിക് മീറ്റിനോടനുബന്ധിച്ചു സ്റ്റാർ വിഷന്റെ നേതൃത്വത്തിൽ വീൽചെയർ വടംവലിമത്സരം, പഞ്ചഗുസ്തിമത്സരം എന്നിവയും സംഘടിപ്പിച്ചു.