ശക്തൻതന്പുരാൻ നഗർ മാസ്റ്റർപ്ലാൻ മാർച്ചിൽ കൈമാറും: എനാർക്ക്
1479256
Friday, November 15, 2024 5:54 AM IST
തൃശൂർ: ശക്തൻതന്പുരാൻ നഗർ മാസ്റ്റർ പ്ലാൻ അടുത്ത മാർച്ചിനുമുൻപായി കോർപറേഷനു കൈമാറാനാണ് ആഗ്രഹിക്കുന്നതെന്ന് എനാർക്ക് കണ്‍സ്ട്രക്ഷൻസ് മാനേജിംഗ് പാർട്ണർ കെ. രാമകൃഷ്ണൻ പത്രസമ്മേളനത്തിൽ പറഞ്ഞു. മാർക്കറ്റ് നിർമാണം 20 വർഷം വൈകിയതുമൂലം വാടകയിനത്തിൽമാത്രം നഗരസഭയ്ക്ക് 500 കോടി രൂപയോളം നഷ്ടമുണ്ടായെന്ന് അദ്ദേഹം വ്യക്തമാക്കി.
1986 ൽ മാർപാപ്പയുടെ സന്ദർശനം പ്രയോജനപ്പെടുത്തി ജില്ലാ കളക്ടർ വിനോദ് റായാണ് ശക്തൻനഗറിന്റെ സമഗ്രവികസനത്തിനു കുതിപ്പേകിയത്. ഇരട്ടച്ചിറ നികത്തിയുണ്ടാക്കിയ പച്ചക്കറിമാർക്കറ്റ് പൊളിച്ചുനീക്കി അവിടെ പുതിയ ബഹുനില പച്ചക്കറിമാർക്കറ്റായിരുന്നു ആദ്യ പ്ലാനിൽ. അതു പ്രായോഗികമല്ലെന്നുകണ്ടാണ് 1987 ജൂണ്‍ 12 ലെ കൗണ്‍സിൽ തീരുമാനപ്രകാരം മാസ്റ്റർ പ്ലാൻ പുതുക്കാൻ എനാർക്കിനെ ഏല്പിക്കുന്നത്.
പ്രതിഫലം വാങ്ങാതെ തയാറാക്കിയ പ്ലാൻ കൗണ്‍സിലും ചീഫ് ടൗണ്‍ പ്ലാനറും അംഗീകരിക്കുകയായിരുന്നു. മാസ്റ്റർ പ്ലാൻ തയാറാക്കാൻ കൗണ്‍സിൽ ഒപ്പിട്ട കരാറനുസരിച്ച് ശക്തൻനഗറിലെ ഭാവിനിർമാണങ്ങൾ എനാർക്കിനെ ഏല്പിക്കണം. അങ്ങനെയാണ് പച്ചക്കറി മാർക്കറ്റ് പ്ലാൻ വരയ്ക്കൽ തങ്ങൾക്കു ലഭിച്ചത്.
1999 ൽ അന്ന് എംപി ആയിരുന്ന കെ. കരുണാകരൻ മാർക്കറ്റിനു കല്ലിട്ടെങ്കിലും പണികൾ നടന്നില്ല. പ്ലാൻ വരച്ച വകയിലുള്ള 34 ലക്ഷം രൂപയിൽ 31.11 ലക്ഷം രൂപ ലഭിക്കാനാണ് ഹൈക്കോടതിയെ എനാർക്ക് സമീപിക്കുന്നത്. 30 ദിവസത്തിനകം തുക നല്‍കണമെന്നും അല്ലാത്തപക്ഷം 12 ശതമാനം പലിശയടക്കം നല്‍കണമെന്നും ബാധ്യത കൗണ്സിലർമാർക്കാണെന്നും ഹൈക്കോടതി വിധിച്ചിരുന്നു. എന്നാൽ പൈസ കൊടുക്കേണ്ടതില്ലെന്നായിരുന്നു അന്നത്തെ കൗണ്‍സിൽ തീരുമാനം. ഇതിനെതിരേയാണ് എനാർക്ക് 20 വർഷം നിയമപോരാട്ടം നടത്തിയത്. അതു വിജയിച്ചതിൽ സന്തോഷമുണ്ടെന്നും ഇതിനിടയ്ക്കു ശക്തൻ നഗറിൽ നടന്ന നിർമാണപ്രവർത്തനങ്ങൾ തടസപ്പെടുത്താൻ തങ്ങൾ ഒരുതരത്തിലും ശ്രമിച്ചിട്ടില്ലെന്നും എനാർക്ക് രാമകൃഷ്ണൻ പറഞ്ഞു.
31.11 ലക്ഷം രൂപ പലിശസഹിതം 76 ലക്ഷം രൂപ നാലു ഗഡുക്കളായി നല്‍കാനും 2012 മുതലുള്ള പലിശ ഒഴിവാക്കുവാനും 2.5 ലക്ഷം ചതുരശ്രഅടിയിൽ പുതിയ പ്ലാൻ തയാറാക്കാൻ എനാർക്കിനെ ഏല്പിക്കാനുമാണ് ഹൈക്കോടതി അംഗീകരിച്ച ഒത്തുതീർപ്പുകരാറെന്നും രാമകൃഷ്ണൻ പറഞ്ഞു.