ഇരിങ്ങാലക്കുട ആര്‍എംഎസിന് പൂട്ടുവീഴുന്നു
1479631
Sunday, November 17, 2024 2:59 AM IST
ഇരിങ്ങാലക്കുട: നാല്പതു വര്‍ഷത്തിലധികമായി കല്ലേറ്റുംകരയില്‍ പ്രവര്‍ത്തിക്കുന്ന റെയില്‍വേ മെയില്‍ സര്‍വീസ് സംവിധാനം നിര്‍ത്തലാക്കാന്‍ ശ്രമം. ഡിസംബര്‍ ഏഴിന് മുന്‍പ് ഇരിങ്ങാലക്കുട ആര്‍എംഎസ് ഉള്‍പ്പടെയുള്ള എല്‍ 2 ഓഫീസുകള്‍ സമീപത്തെ സ്പീഡ് ഹബ്ബില്‍ ലയിപ്പിക്കാനുള്ള കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ ഉത്തരവു നടപ്പാക്കുന്നതോടെ ഇരിങ്ങാലക്കുട ആര്‍എംഎസിന് പൂട്ട്വീഴും.
തീരപ്രദേശങ്ങള്‍ മുതല്‍ മലയോരമേഖലയായ മലക്കപ്പാറവരെ വ്യാപിച്ചുകിടക്കുന്ന ഇരുനൂറോളം പോസ്റ്റ് ഓഫീസുകളിലെ തപാല്‍ ആണ് ഇവിടെ കൈകാര്യം ചെയ്യുന്നത്. 24 മണിക്കൂര്‍ ബുക്കിംഗ് സമയം ഉള്ളതിനാല്‍ വിദേശരാജ്യങ്ങളിലേക്ക് ഉള്‍പ്പടെ തപാല്‍ ഉരുപ്പടികള്‍ അയയ്ക്കാന്‍ പൊതുജനം ഏറെ ആശ്രയിക്കുന്ന ഓഫീസ് ആണിത്. പോസ്റ്റ് ഓഫീസുകളുടെ പ്രവര്‍ത്തന സമയത്തിനുശേഷം റജിസ്റ്റേഡ്, സ്പീഡ് പോസ്റ്റ് സേവനങ്ങൾക്കായി കൊടുങ്ങല്ലൂര്‍, ചാലക്കുടി, മാള, ഇരിങ്ങാലക്കുട മേഖലയില്‍ ഉള്ളവര്‍ കല്ലേറ്റുംകരയിലെ ആര്‍എംഎസിനെയാണ് ആശ്രയിക്കുന്നത്.
രാജ്യവ്യാപകമായി എല്‍ 2 ഓഫീസുകള്‍ അടച്ചുപൂട്ടുന്നതോടെ തപാല്‍ ഉരുപ്പടികള്‍ ലഭിക്കുന്നതിനു കാലതാമസം നേരിടാനും തപാല്‍ സേവനത്തെ ഇതു ബാധിക്കാനും ഇടയുണ്ട്. നിലവില്‍ ഇവിടെ കൈകാര്യം ചെയ്യുന്ന റജിസ്റ്റേഡ് മെയിലുകള്‍ ഡിസംബര്‍ ഏഴിനുമുന്പ്് മാറ്റി ഓഫീസ് അടച്ചുപൂട്ടാനാണ് തീരുമാനം.
ഗ്രൂപ്പ് സി, എംടിഎസ്, ജിഡിഎസ് വിഭാഗങ്ങളില്‍ 30ല്‍ അധികം ജീവനക്കാരുള്ള റെയില്‍വേ മെയില്‍ സര്‍വീസില്‍ രാജ്യവ്യാപകമായി ചെറുതും വലുതുമായ മുന്നൂറിലധികം ഓഫീസുകള്‍ നിര്‍ത്തലാക്കാനുള്ള ശ്രമമാണു നടക്കുന്നത്. ഈ സംവിധാനം നിര്‍ത്തലാക്കുന്നതോടെ സ്വകാര്യ കൊറിയര്‍ കമ്പനികള്‍ വലിയ നിരക്ക് ഈടാക്കി ഈ മേഖല കൈയടക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക. ഈ നീക്കത്തിനെതിരെ ജീവനക്കാരുടെ സംഘടനയായ എന്‍എഫ്പിഇ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങള്‍ നടത്തുന്നുണ്ട്.