വെണ്ണേങ്കോട്ട് റോഡ് തകർന്നു: ജനങ്ങൾക്ക് യാത്രാദുരിതം
1479563
Saturday, November 16, 2024 7:29 AM IST
പാവറട്ടി: വെങ്കിടങ്ങ് ഗ്രാമപഞ്ചായത്തിലെ വെണ്ണേങ്കോട്ട് റോഡ് തകർന്ന് ജനങ്ങൾ യാത്രാ ദുരിതത്തിൽ. 970 മീറ്റർ നീളമുള്ള പഞ്ചായത്തിലെ പ്രധാന ലിങ്ക് റോഡാണ് വെണ്ണേങ്കോട്ട് റോഡ്.
വിദ്യാർഥികളടക്കം നിരവധിപേർ നിത്യവും സഞ്ചരിക്കുന്ന ഈ റോഡ് തകർന്ന് സഞ്ചാര യോഗ്യമല്ലാതായിട്ട് ഒരുവർഷത്തിലേറെയായി. റോഡിലെ ടാറിംഗ് അടർന്ന് മെറ്റലുകൾ പുറത്തുവന്ന നിലയിലാണ്. ഇതിനുപുറമേ കുടിവെള്ളപദ്ധതിയുടെ ഭാഗമായി പൈപ്പുകൾ സ്ഥാപിക്കുന്നതിന് കാന കോരിയത് ശരിയായി മൂടുകയോ, ടാറിംഗ് നടത്തുകയോ ചെയ്തിട്ടില്ല.
റോഡിൽ കുടിവെള്ള പൈപ്പിടുന്നതിന് കാന കോരിയ ഭാഗത്ത് വലിയ കുറ്റിച്ചെടികൾ വളർന്നു നിൽക്കുന്നതിനാൽ റോഡിന്റെ വീതികുറഞ്ഞ നിലയിലാണ്. വീതികുറഞ്ഞ ഈ റോഡിലൂടെ വലിയ ഭാരവാഹനങ്ങൾ പോകുന്നതുമൂലം ചില ഭാഗങ്ങളിൽ റോഡ് ഇടിഞ്ഞു. റോഡിന്റെ ഇരുഭാഗത്തുമുള്ള ആഴമേറിയ കാന കാൽനടയാത്രക്കാർക്ക് പലപ്പോഴും അപകടക്കെണി ഒരുക്കുന്നുണ്ട്. ഓട്ടോറിക്ഷ ഓട്ടംവിളിച്ചാൽ തകർന്ന റോഡിലൂടെ വരാൻ തയാറാകുന്നില്ലന്ന് നാട്ടുകാർ പരാതിപ്പെട്ടു. പലതവണ വാർഡ് മെമ്പറോട് നേരിട്ടും ഗ്രാമപഞ്ചായത്തിൽ രേഖാമൂലവും ഗ്രാമസഭയിലും പരാതിനൽകിയിട്ടും റോഡ് പുനർ നിർമിക്കുന്നതിന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലന്ന് പൊതുപ്രവർത്തകനും ഓട്ടോറിക്ഷ ഡ്രൈവറുമായ ശ്രീജിത്ത് കൂട്ടാലയ്ക്കൽ പറഞ്ഞു. തകർന്ന റോഡിൽ രണ്ടിടത്തായി കോൺക്രീറ്റിംഗ് നടത്തിയിട്ടുണ്ട്.
ബാക്കിയുള്ള റോഡ് പൂർണമായും തകർന്ന അവസ്ഥയിലാണ്. തകർന്ന റോഡ് എത്രയും വേഗം പുനർനിർമിച്ച സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വെണ്ണേങ്കോട്ട് റോഡിനോടുള്ള വെങ്കിടങ്ങ് പഞ്ചായത്ത് അധികൃതരുടെ അവഗണന ഇനിയും തുടരുകയാണെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് രൂപംനൽകാനുള്ള തയാറെടുപ്പിലാണ് നാട്ടുകാർ.