അച്ചനു ചാരെ ഇനിയില്ല... ആ അപ്പൻ
1479577
Saturday, November 16, 2024 7:29 AM IST
സ്വന്തം ലേഖകൻ
പുത്തൂർ: ഹൃദയം നുറുങ്ങുന്ന വേദനയാണ് അപ്പനെക്കുറിച്ച് ഓർക്കുമ്പോൾ ഫാ. ബൈജു കാഞ്ഞിരത്തിങ്കലിന്. അപൂർവസ്നേഹസംഗമത്തിനാണ് വെട്ടുകാട് സെന്റ് ജോസഫ് ഇടവക സാക്ഷ്യംവഹിച്ചിരുന്നത്. വികാരിയായി വന്ന ബൈജു അച്ചനൊപ്പം അപ്പൻ ജോസഫും പള്ളിമേടയിൽ ഒരുമിച്ചുതാമസിക്കുന്നത് അപൂർവകാഴ്ച തന്നെയായിരുന്നു.
നടത്തറ ഇടവകാംഗമായ ജോസഫ് കാഞ്ഞിരത്തിങ്കൽ (88) ഇന്നലെ മരിച്ചു. വർഷങ്ങളായി വിവിധ ഇടവകകളിൽ തന്നോടൊപ്പം ഒരുമിച്ചുതാമസിച്ചും ദിവ്യബലിയിൽ പങ്കെടുത്തും പ്രാർഥിച്ചും കഴിഞ്ഞിരുന്ന അപ്പൻ ഇത്രപെട്ടെന്നു വേർപിരിയുമെന്നു ഫാ. ബൈജു കരുതിയിരുന്നില്ല.
14 വർഷത്തോളമായി ജോസഫ് ഫാ. ബൈജുവിനൊപ്പം താമസംതുടങ്ങിയിട്ട്. ജോസഫിന്റെ ഭാര്യ റോസി മരിച്ചതോടെയാണ് ഫാ. ബൈജു അപ്പനെ ഒപ്പംകൂട്ടിയത്. ജോസഫ് - റോസി ദന്പതികൾക്കു മൂന്നു മക്കളാണ്. ഫാ. ബൈജുവിനെകൂടാതെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലെ സിസ്റ്റർ ബീന ഒഎസ് എഫും ബംഗളൂരു ധർമാരാം സെന്റ് തോമസ് ചർച്ച് വികാരി ഫാ. ആന്റോ കാഞ്ഞിരത്തിങ്കൽ സിഎംഐയും.
അമ്മ മരിച്ചു നാലുവർഷം കഴിഞ്ഞ തോടെ പ്രായംചെന്ന അപ്പൻ വീട്ടിൽ ഒറ്റയ്ക്കു താമസിപ്പിക്കുന്നതു ഫാ. ബൈജുവിനു ചിന്തിക്കാൻപോലും കഴിഞ്ഞില്ല. അച്ചന്റെ വിഷമം മനസിലാക്കിയ ആർച്ച്ബിഷപ്
മാർ ആൻഡ്രൂസ് താഴത്ത് പള്ളിമേടയിൽ അപ്പനെയും ഒപ്പം താമസിപ്പിക്കാൻ അനുമതി നൽകുകയായിരുന്നു.
നേരത്തേ സേവനമനുഷ്ഠിച്ച കോടന്നൂർ, വരടിയം ഇടവകകളിലും അച്ചനോടൊപ്പം അപ്പനും താമസിച്ചു. പ്രായമായ അപ്പനെ പരിചരിച്ചിരുന്നതും ശുശ്രൂഷിച്ചിരുന്നതും അച്ചൻതന്നെയായിരുന്നു. ആ സ്നേഹവും കരുതലും പ്രായമായ മാതാപിതാക്കളെ എങ്ങനെ സ്നേ ഹിക്കണമെന്നതിന്റെ സന്ദേശംകൂടി പകർന്നുനൽകി.
കോവിഡ് കാലത്തു പൊതുജനങ്ങൾക്കു പള്ളികളിൽ ദിവ്യബലിയിൽ സംബന്ധിക്കുന്നതിനു നിയന്ത്രണം ഉണ്ടായപ്പോൾ പെസഹാദിന തിരുക്കർമങ്ങളുടെ ഭാഗമായി അപ്പന്റെ കാൽ കഴുകി ചുംബിക്കാൻ അവസരം ലഭിച്ചതു ദൈവാനുഗ്രഹമായാണ് ഇപ്പോഴും അച്ചൻ കരുതുന്നത്.
ജോസഫിന്റെ മൃതദേഹം വെട്ടുകാട് പള്ളിയിൽ പൊതുദർശനത്തിനു വച്ചു. നിരവധിപ്പേർ അന്ത്യാഞ്ജലിയർപ്പിച്ചു. സംസ്കാരം ഇന്നു രാവിലെ 11 നു നടത്തറ സേക്രഡ് ഹാർട്ട് പള്ളിയിൽ.