ബിജെപി പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം
1479263
Friday, November 15, 2024 5:54 AM IST
എരുമപ്പെട്ടി: റോഡ് നിർമാണത്തിന്റെ ഭാഗമായി പന്നിത്തടം സെന്ററിലുള്ള ആൽമരം മുറിക്കുന്നത് തടഞ്ഞതിനെത്തുടർന്ന് ബിജെപി പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടായി. ബിജെപി മണ്ഡലം പ്രസിഡന്റ് സുഭാഷ് ആദൂർ, പഞ്ചായത്ത് മെമ്പർമാരും ബിജെപി, യുവമോർച്ച നേതാക്കളുമായ സുഭാഷ് കടങ്ങോട്, എം.വി. ധനീഷ് ഉൾപ്പടെയുള്ളവരെ പോലീസ് അറസ്റ്റുചെയ്ത് നീക്കി.
50 കോടി രൂപ ഉപയോഗിച്ചാണ് പന്നിത്തടം സെന്റർ വികസനം ഉൾപ്പടെയുള്ള കേച്ചേരി - അക്കിക്കാവ് ബൈപ്പാസ് റോഡിന്റെ നിർമാണം നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് പന്നിത്തടം സെന്ററിൽ നിൽക്കുന്ന ആൽമരം മുറിച്ചുനീക്കുന്നത്. എന്നാൽ ആൽമരത്തിൽ പ്രതിഷ്ഠയുണ്ടെന്നും മാറ്റിപ്രതിഷ്ഠിക്കാൻ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ബിജെപി നേതാക്കൾ തടഞ്ഞത്.
അതേസമയം ബിജെപിയും വിശ്വഹിന്ദുപരിഷത്ത് നേതാക്കളുമായി ചർച്ചചെയ്ത് പ്രതിഷ്ഠ മാറ്റാൻ ഏകദേശം ഒരുമാസത്തോളം സമയം അനുവദിച്ചിരുന്നുവെന്നും ഇതിന് ബിജെപി നേതൃത്വം തയാറായില്ലെെന്നും നിർമാണപ്രവർത്തനം തടസപ്പെടുമെന്നതിനാലാണ് മരം മുറിക്കാൻ ആരംഭിച്ചതെന്നാണ് പൊതുമരാമത്ത് കിഫ്ബി ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും പറയുന്നു . ഇന്നലെ രാവിലെ മുതൽ മരത്തിന്റെ ചില്ലകൾ മുറിച്ചുമാറ്റാൻ തുടങ്ങി.
ഉച്ചയോടെ ബിജെപി നേതാക്കളും പ്രവർത്തകരുമെത്തി തടഞ്ഞു. ഉദ്യോഗസ്ഥരുടെ പരാതിയെ തുടർന്ന് എരുമപ്പെട്ടി എസ്ഐ യു. മഹേഷിന്റ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും അനുരഞ്ജനത്തിലെത്തിയില്ല. തുടർന്ന് പോലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ ബിജെപി നേതാക്കൾ വഴങ്ങിയില്ല. തുടർന്ന് പോലീസും നേതാക്കളും തമ്മിൽ സംഘർഷമുണ്ടായി. രൂക്ഷമായ വാക്കേറ്റവും ഉന്തുംതള്ളും നടന്നു.
തുടർന്ന് പോലീസ് ബിജെപി നേതാക്കളേയും പ്രവർത്തകരേയും ബലമായി അറസ്റ്റുചെയ്ത് നീക്കി.