മിനി മാസ്റ്റ് വിളക്ക്: അനുമതി നിഷേധിച്ചതിനെതിരേ ചിറങ്ങരയിൽ പ്രതിഷേധജ്വാല
1479067
Thursday, November 14, 2024 6:55 AM IST
കൊരട്ടി: ചിറങ്ങരയിൽനിന്നു തിരുമുടിക്കുന്നിലേക്കുള്ള പ്രവേശനകവാടത്തിൽ മിനിമാസ്റ്റ് വിളക്ക് സ്ഥാപിക്കുന്നതിൽ എൽഡിഎഫ് നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയെടുത്ത നിഷേധാത്മകമായ നിലപാടിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധജ്വാല തെളിച്ചു.
പഞ്ചായത്ത് ഭരണസമിതിയുടെ അനുമതി തേടി സനീഷ് കുമാർ ജോസഫ് എംഎൽഎ കത്തു നൽകിയെങ്കിലും മിനിമാസ്റ്റ് വിളിക്കിന്റെ വൈദ്യുതിച്ചെലവും തുടർപരിപാലനവും അമിതബാധ്യത വരുത്തുമെന്നും തനതു ഫണ്ടിന്റെ അപര്യാപ്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്നുമാണു പഞ്ചായത്തിന്റെ നിലപാട്. കൊരട്ടി പഞ്ചായത്തിന്റെ വിവിധ വാർഡുകളിലുള്ള മിനിമാസ്റ്റ് അടക്കമുള്ള വഴിവിളക്കുകളുടെ വൈദ്യുതിച്ചെലവുകളും പരിപാലനവും കാര്യക്ഷമമായി നിർവഹിക്കുന്നുണ്ടെന്നും ഇനിയൊരു മിനിമാസ്റ്റ് വിളക്കിന്റെ ആവശ്യമില്ലെന്നുമാണു ഭരണസമിതി തീരുമാനം.
ജില്ലാ പഞ്ചായത്ത് അംഗവും മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമായ ലീല സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി വർഗീസ് പൈനാടത്ത് അധ്യക്ഷത വഹിച്ചു.
ഗ്രേസി സ്കറിയ, പോൾസി ജിയോ, ബിജോയ് പെരേപ്പാടൻ, വർഗീസ് പയ്യപ്പിള്ളി, ചാക്കപ്പൻ പോൾ, വർഗീസ് തച്ചുപറമ്പൻ, ഫിൻസോ തങ്കച്ചൻ, മനേഷ് സെബാസ്റ്റ്യൻ, സിബി കൊടിയപ്പാടൻ, ഷോജി അഗസ്റ്റിൻ, സി.എം. ഡേവിസ്, സ്റ്റെല്ല വർഗീസ്, കെ.കെ. ജയൻ എന്നിവർ പ്രസംഗിച്ചു.