എടത്തിരുത്തി രാമൻകുളം കുടിവെള്ളപദ്ധതി രണ്ടാംഘട്ടം പൂർത്തീകരണത്തിലേക്ക്
1479632
Sunday, November 17, 2024 2:59 AM IST
കയ്പമംഗലം: എടത്തിരുത്തി പഞ്ചായത്തിൽ രാമൻകുളം കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ പൂർത്തീകരണത്തിലേക്ക്. ഇതിന്റെ ഭാഗമായി 5000 ലിറ്റർവീതം സംഭരണ ശേഷിയുള്ള രണ്ട് ടാങ്കുകൾ സ്ഥാപിച്ചുകഴിഞ്ഞു. നേരത്തേയുള്ള പൈ പ്പ് ലൈനുകൾക്ക് പുറമേ അര ക്കിലോമീറ്റർ ദൂരത്തിൽ പുതിയ പൈപ്പ് ലൈനുകളും ഉടൻ സ്ഥാപിക്കും.
ഇ.ടി. ടൈസൺ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 72 ലക്ഷം രൂപ ഉപയോഗിച്ചാണു പദ്ധതി നടപ്പിലാക്കിയത്. ഇതിൽ ബാക്കിവന്ന തുകയാണ് രണ്ടാംഘട്ട പ്രവർത്തനങ്ങൾക്കു വിനിയോഗിച്ചത്. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന എടത്തിരുത്തി പഞ്ചായത്തിലെ അഞ്ച്, ആറ് വാർഡുകളിലേക്കുവേണ്ടിയാണ് 2023 മെയ് മാസത്തിൽ പദ്ധതി നടപ്പിലാക്കിയത്.
ചെന്ത്രാപ്പിന്നി അലുവത്തെരുവിനു സമീപമുള്ള രാമൻകുളത്തിൽ 3.6 ഡയാമീറ്റർ ഉള്ള കിണർ, പമ്പ് ഹൗസ്, പ്രഷർ ഫിൽട്ടർ, മോട്ടോർ പമ്പ്സെറ്റ് എന്നിവ സ്ഥാ പിച്ചായിരുന്നു പദ്ധതിയുടെ തുട ക്കം. ഇതിൽ നിന്നും 90 എംഎം വ്യാസമുള്ള പൈപ്പ് 3348 മീറ്റർ നീളത്തിലും 110 എംഎം വ്യാസമുള്ള പൈപ്പ് 204 മീറ്റർ നീളത്തിലും ഇട്ട് വിവിധ പ്രദേശങ്ങളിൽ പൊതുടാപ്പുകൾ സ്ഥാപിച്ച് കുടി വെള്ളം വിതരണം ചെയ്യുകയായി രുന്നു ലക്ഷ്യം.20,000 ലിറ്റർ വെള്ളം മണിക്കൂറിൽ പമ്പ് ചെയ്യാൻ സാധിക്കുമെന്നായിരുന്നു പ്രാഥമിക വിലയിരുത്തൽ.
വാട്ടർ അഥോറിറ്റിക്കായിരുന്നു നിർമാണച്ചുമതല. എന്നാൽ പമ്പിംഗ് സമയത്ത് മുഴുവൻ ടാപ്പുകളും തുറക്കാതെ വരുമ്പോൾ മർദം താങ്ങാനാവാതെ പൈപ്പുകൾ പൊട്ടുന്നതുംമറ്റും പദ്ധതിക്കു പ്രതിസന്ധിതീർത്തു. ഇതോടെ കുടിവെള്ളം പലയിടങ്ങളിലും ലഭിക്കാതെയുമായി. പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തി. ഇതോടെയാണ് സാങ്കേതിക തകരാറുകൾ നീക്കി സുഗമമായ ജലവിതരണം ലക്ഷ്യ മാക്കി രണ്ടാംഘട്ട പ്രവർത്തനങ്ങൾക്കു തുടക്കമിട്ടത്.
ഇ.ടി. ടൈസൺ എംഎൽഎ രണ്ടാംഘട്ട പ്രവർത്തനങ്ങൾ വിലയിരുത്തുവാൻ പദ്ധതി സ്ഥലം സന്ദർശിച്ചു. അടുത്തദിവസംതന്നെ പമ്പിംഗ് ആരംഭിക്കുമെന്ന് എംഎൽഎ പറഞ്ഞു. എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു, വൈസ് പ്രസിഡന്റ്് ഷൈലജ രവീന്ദ്രൻ എന്നിവരും ടൈസൺ മാസ്റ്റർക്കൊപ്പമുണ്ടായിരുന്നു.