കോൺക്രീറ്റിംഗ് തുടങ്ങി; ശക്തൻ കുരുങ്ങി
1479579
Saturday, November 16, 2024 7:29 AM IST
സ്വന്തം ലേഖകൻ
തൃശൂർ: വേണ്ടത്ര സജ്ജീകരണങ്ങളൊരുക്കാതെ ശക്തൻ സ്റ്റാൻഡിന്റെ തെക്കുഭാഗത്തു നവീകരണപ്രവർത്തനങ്ങൾ ആരംഭിച്ചതു ബസുകാരെയും യാത്രക്കാരെയും ഒരുപോലെ വലച്ചു. ഇവിടെനിന്നു പുറപ്പെട്ടിരുന്ന ബസുകൾ സ്റ്റാൻഡിന്റെ വടക്കുഭാഗത്ത് കോഴിക്കോട്, കുന്നംകുളം, വാടാനപ്പിള്ളി ബസുകൾ നിർത്തുന്നതിന് എതിർവശത്താണു നിലവിൽ നിർത്തിയിരിക്കുന്നത്. ഇതോടെ സ്റ്റാൻഡിനകത്തു നിന്നുതിരിയാൻ സ്ഥലമില്ലാത്ത അവസ്ഥയാണ്. ബസുകൾ വന്നുപോകുന്പോഴും തിരിക്കുന്പോഴും അപകടസാധ്യത വർധിച്ചു.
തെക്കുവശത്തുനിന്നു പുറപ്പെട്ടിരുന്ന 350 -ഓളം ബസുകളടക്കം മൊത്തം 700 ബസുകളാണ് ശക്തൻ സ്റ്റാൻഡിൽ ദിവസവും വന്നുപോകുന്നത്. നിലവിൽ സ്റ്റാൻഡിന്റെ വടക്കുഭാഗത്ത് ഒരേസമയം 150-ഓളം ബസുകളാണു നിർത്തിയിടുന്നത്. ഇവിടെനിന്നു ബസുകൾക്കു പുറത്തുകടക്കാൻ മാലിന്യസംസ്കരണ പ്ലാന്റിനു സമീപത്തുകൂടെ പുതിയ വഴിയൊരുക്കിയിട്ടുണ്ട്.
സ്റ്റാൻഡിന്റെ തെക്കുവശത്തു നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുന്പോൾ അവിടെനിന്നു പുറപ്പെട്ടിരുന്ന ബസുകൾക്കു തൊട്ടപ്പുറത്ത് സൗകര്യമൊരുക്കുമെന്നാണു പറഞ്ഞിരുന്നത്. എന്നാൽ ഈ ഗ്രൗണ്ടിന്റെ ഒരു ഭാഗത്ത് കൂർക്കഞ്ചേരി- കുറുപ്പം റോഡ് കോൺക്രീറ്റിംഗ് സാമഗ്രികൾ സൂക്ഷിച്ചിരിക്കുകയാണ്. മറുഭാഗത്ത് സർവീസ് നടത്താത്ത ബസുകളും സ്റ്റാൻഡിലേക്കു പ്രവേശിക്കാൻ ഊഴംകാത്തുകിടക്കുന്ന ബസുകളുമാണുള്ളത്. ഇവിടെ നിലം ഒരുക്കാത്തതിനാൽ പലയിടത്തും കുഴികളായിക്കിടക്കുകയാണ്.
സ്റ്റാൻഡിന്റെ വടക്കുഭാഗത്തെ സ്ഥലപരിമിതിമൂലം ബസുകൾ ഊഴംകാത്ത് ട്രാൻസ്പോർട്ട് ബസ് സ്റ്റാൻഡ് റോഡരികിലും സ്റ്റാൻഡ് പരിസരത്തെ റോഡരികിലും നിർത്തിയിടുന്നതിനാൽ ഇതിലൂടെയുള്ള വാഹനയാത്രയും ദുഷ്കരമായി.
ബസ് സ്റ്റാൻഡ് കോൺക്രീറ്റിംഗ് നിർമാണോദ്ഘാടനം ഇന്നലെ രാവിലെ പി. ബാലചന്ദ്രൻ എംഎൽഎ നിർവഹിച്ചു. മേയർ എം.കെ. വർഗീസ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ എം.എൽ. റോസി, കൗൺസിലർമാർ, ബസ് സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
സ്റ്റാൻഡിനകത്തെ ടാറിംഗ് പൊളിക്കുന്ന ജോലികളാണ് ആരംഭിച്ചത്. നാലു ജെസിബികൾ ഉപയോഗിച്ചാണു നിർമാണം പുരോഗമിക്കുന്നത്. രണ്ടരക്കോടി ചെലവിൽ നടക്കുന്ന കോൺക്രീറ്റിംഗ് ജോലികൾ പൂർത്തിയാകാൻ ഒന്നരമാസത്തോളം വേണ്ടിവരും. അതിനുശേഷമായിരിക്കും സ്റ്റാൻഡിനകത്തെ ശൗചാലയം, പൊട്ടിപ്പൊളിഞ്ഞ തൂണുകൾ, ഫ്ലോറിംഗ്, പെയിന്റിംഗ് വെളിച്ചം, വെള്ളം, സിസിടിവി തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കുക. എല്ലാത്തിനുംകൂടി മൂന്നുമാസത്തോളം സമയമെടുക്കുമെന്നാണു കണക്കുകൂട്ടൽ.