പ്രളയത്തിനു കാരണം ഉദ്യോഗസ്ഥ വീഴ്ചയെന്നു പോലീസ് റിപ്പോർട്ട്
1479252
Friday, November 15, 2024 5:54 AM IST
സ്വന്തം ലേഖകൻ
തൃശൂർ: പീച്ചി ഡാം മാനേജ്മെന്റിലുണ്ടായ വീഴ്ചയാണ് ജൂലൈയിലെ പ്രളയത്തിനു കാരണമെന്നു പോലീസ് റിപ്പോർട്ട്. ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു കെപിസിസി സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് ഡിജിപിക്കും പോലീസ് കമ്മീഷണർക്കും നൽകിയ പരാതിയിലാണ് പീച്ചി പോലീസ് അന്വേഷണം നടത്തിയത്. ദീർഘവീക്ഷണത്തോടെ സ്പിൽവേ ഷട്ടറുകൾ ഉയർത്തിയിരുന്നെങ്കിൽ ചുരുങ്ങിയ സമയത്തു കൂടുതൽ ജലം ഒഴുക്കിവിടേണ്ട സാഹചര്യം ഒഴിവാക്കാനും ജനങ്ങൾക്കുള്ള ബുദ്ധിമുട്ടു കുറയ്ക്കാനും കഴിയുമായിരുന്നെന്നു റിപ്പോർട്ടിൽ പറയുന്നു.
2019 മുതൽ അണക്കെട്ടിലെ ജലനിരപ്പ് റൂൾകർവ് പ്രകാരം നിയന്ത്രിച്ചിരുന്നു. 2019ലെ കനത്ത മഴയിലും പീച്ചി ഡാം തുറന്നപ്പോൾ വെള്ളപ്പൊക്കമുണ്ടായില്ല. ജലനിരപ്പ് ജൂലൈ 19ന് റൂൾ കർവിനെക്കാൾ മുകളിലെത്തി. തുടർന്നുള്ള പത്തുദിവസവും ജലനിരപ്പ് ഉയർന്നിട്ടും അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ പെയ്തിട്ടും വെള്ളത്തിന്റെ അളവ് നിയന്ത്രിക്കാൻ ഇറിഗേഷൻ ഉദ്യോഗസ്ഥർ ശ്രമിക്കാതിരുന്നതു കുറ്റകരമായ അനാസ്ഥയും കൃത്യവിലോപവുമാണ്. മൂന്നു മണിക്കൂർ ഇടവിട്ട് റിപ്പോർട്ടും നൽകിയിട്ടില്ല. ചെറുകിടവൈദ്യുതിനിലയം പ്രവർത്തിപ്പിക്കാൻ കെഎസ്ഇബി 0.5 എംഎം3 ജലത്തിന് അപേക്ഷ നൽകിയെങ്കിലും വൈദ്യുതി ഉത്പാദിപ്പിച്ചില്ല.
29നു രാത്രി 25 ഇഞ്ച് കളക്ടറുടെ അനുമതിയോടെയാണു തുറന്നത്. ഇതിനുശേഷം 72 ഇഞ്ചുവരെ ഉയർത്താൻ കളക്ടർ അനുമതി
നൽകിയിട്ടില്ലെന്നും നിയമപ്രകാരമുള്ള
മുന്നറിയിപ്പും മുന്നൊരുക്കവും നടത്തിയിട്ടില്ലെന്നും പുത്തൂരിൽ അഖിൽ എന്ന യുവാവ് വെളളക്കെട്ടിലകപ്പെട്ടു മരിച്ചതിനും നൂറുകണക്കിനു വളർത്തുമൃഗങ്ങൾ ചത്തതിനും ഇറിഗേഷൻ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണു കാരണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഡാം മാനേജ്മെന്റിൽ ഗുരുതരവീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുത്തിട്ടില്ല. പീച്ചി ഡാം തുറന്നതിൽ അശാസ്ത്രീയതയുണ്ടോയെന്ന് അന്വേഷിക്കാൻ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സബ് കളക്ടർ മുഹമ്മദ് ഷെഫീക്കിനെ ചുമതലപ്പെടുത്തിയിരുന്നു. ആകെ 43 കോടിയുടെ നഷ്ടമുണ്ടായെന്നു ചൂണ്ടിക്കാട്ടി റിപ്പോർട്ടും സമർപ്പിച്ചു.
സബ് കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ സർക്കാരിലേക്കു നടപടിക്കു ശിപാർശ ചെയ്തു. നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടു കത്തും നൽകി. എന്നാൽ, നഷ്ടപരിഹാരം നൽകാനോ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കാനോ സർക്കാർ തയാറായിട്ടില്ല.
നഷ്ടപരിഹാരത്തിനായി ഷാജി ജെ. കോടങ്കണ്ടത്ത് ഹൈക്കോടതിയിൽ കൊടുത്ത ഹർജിയിൽ ഉദ്യോഗസ്ഥരോടും സർക്കാരിനോടും വിശീദീകരണം ചോദിച്ചിട്ടുണ്ട്.