മേൽപ്പത്തൂരല്ല, ഇന്നുമുതല്‍ ‘മേൽപ്പുത്തൂർ ഓഡിറ്റോറിയം’
1479564
Saturday, November 16, 2024 7:29 AM IST
ഗുരുവായൂർ: മേൽപ്പത്തൂർ ഓഡിറ്റോറിയം ഇന്നുമുതൽ ‘മേൽപ്പുത്തൂർ’ ഓഡിറ്റോറിയമാകും. ഇതിന്റെ സമർപ്പണം ഇന്നുരാവിലെ ഒന്‍പതരയ്ക്ക് ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ നിർവഹിക്കും.
നാരായണീയംരചിച്ച് ഗുരുവായൂരപ്പനുസമർപ്പിച്ച മേൽപ്പുത്തൂർ നാരായണഭട്ടതിരിയുടെ പേരിലാണ് ഓഡിറ്റോറിയം സ്ഥാപിച്ചത്. എന്നാൽ ‘മേൽപ്പത്തുർ’ എന്നാണ് പേരു നൽകിയിരുന്നത്. ഈ പേര് മാറ്റംവരുത്തി നാരായണഭട്ടതിരിയുടെ ഇല്ലപ്പേരായ മേൽപ്പുത്തൂർ എന്നുനൽകി പുതിയ ബോർഡും സ്ഥാപിച്ചു.
ഓഡിറ്റോറിയത്തിൽ സ്ഥാപിച്ചിരുന്ന പഴയ കയർ മാറ്റുകൾ മാറ്റി. സീലിംഗ് കാത്സ്യം സിലിക്കേറ്റ് ഷീറ്റ് ഉപയോഗിച്ച് നവീകരിച്ചു. ശബ്ദത്തിന് മുഴക്കം ഉണ്ടാകില്ല എന്നത് പ്രത്യേകതയാണ്. പുതിയ കർട്ടൺ, വിനൈൽ ഷീറ്റ് പാകിയ തറ എന്നിവയുമൊരുക്കി.
പുതിയ രൂപഭംഗിയോടെയുള്ള മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ ഇന്നുമുതൽ കലാപരിപാടികൾ നടത്താം. 12 ലക്ഷം രൂപ ചെലവിൽ ദേവസ്വം ഭരണസമിതിയുടെ പ്രത്യേക താല്പര്യപ്രകാരം ദേവസ്വം മരാമത്തുവിഭാഗം എക്സിക്യുട്ടീവ് എൻജിനീ യർ എം.കെ. അശോക്കുമാറിന്റെ നേതൃത്വത്തിലാണ് പണികൾ പൂർത്തീകരിച്ചത്.