കൂടുതൽ ഉശിരോടെ ശക്തന്റെ പ്രതിമ തട്ടകത്തിലെത്തി
1479580
Saturday, November 16, 2024 7:29 AM IST
തൃശൂർ: സാംസ്കാരികനഗരത്തിനു തിലകക്കുറി ചാർത്തി ശക്തൻനഗറിൽ തലയുയർത്തിനിന്നിരുന്ന ശക്തൻ തന്പുരാന്റെ പ്രതിമ കൂടുതൽ പ്രൗഢിയോടെ തിരിച്ചെത്തി.
19.5 ലക്ഷം രൂപ ചെലവിട്ട് അറ്റകുറ്റപ്പണികൾ തീർത്ത് വെങ്കലത്തിലാണു പുതിയ പ്രതിമ നിർമിച്ചിട്ടുള്ളത്. പത്തടി ഉയരമുള്ള പ്രതിമയ്ക്ക് ഒന്നരടൺ ഭാരമുണ്ട്. ചതുരാകൃതിയിലുള്ള കോൺക്രീറ്റ് പീഠത്തിൽ ക്രെയിൻ ഉപയോഗിച്ചാണു പ്രതിമ സ്ഥാപിച്ചത്. പീഠത്തിൽ പതിക്കാനുള്ള കൃഷ്ണശില തമിഴ്നാട്ടിൽനിന്നു കൊണ്ടുവരും. അതിനുശേഷം റൗണ്ട്എബൗട്ട് ചെടികളും മറ്റും പിടിപ്പിച്ചു കൂടുതൽ മോടികൂട്ടും. ഒരു മാസത്തിനുശേഷമായിരിക്കും പ്രതിമ അനാച്ഛാദനം. ഇപ്പോൾ സ്ഥാപിച്ചിട്ടുള്ള പ്രതിമ തുണികൾ ഉപയോഗിച്ചു മറച്ചിട്ടുണ്ട്.
തിരുവനന്തപുരം കേശവദാസപുരം സ്വദേശിയായ ശില്പി കുന്നുവിള എം. മുരളിയാണ് അറ്റകുറ്റപ്പണികൾ നടത്തിയത്. പ്രതിമ അവിടേക്കെത്തിച്ചാണ് അറ്റകുറ്റപ്പണികൾ നിർവഹിച്ചത്. പ്രതിമ നിർമിച്ചതും ഇദ്ദേഹമാണ്. കെഎസ്ആർടിസി വകയായും എംഎൽഎയുടെ ഫണ്ടിൽനിന്നുമാണ് അറ്റകുറ്റപ്പണികൾക്കുള്ള പണം കണ്ടെത്തിയത്.
2013ൽ സ്ഥാപിച്ച പ്രതിമ കഴിഞ്ഞ ജൂൺ ഒന്പതിനു പുലർച്ചെ കെഎസ്ആർടിസി ലോഫ്ലോർ ബസിടിച്ചു തകരുകയായിരുന്നു. പിന്നീടു പ്രതിമനിർമാണം വൈകിയപ്പോൾ ഉടൻ സ്ഥാപിച്ചില്ലെങ്കിൽ താൻ പ്രതിമ സ്ഥാപിക്കുമെന്ന കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ പ്രസ്താവന വിവാദത്തിനിടയാക്കിയിരുന്നു.