എവുപ്രാസ്യമ്മയുടെ വിശുദ്ധപദപ്രഖ്യാപന ദശവാർഷികം ആഘോഷിച്ചു
1479648
Sunday, November 17, 2024 2:59 AM IST
ഒല്ലൂർ: ക്ലേശങ്ങളിലൂടെ, ത്യാഗങ്ങളിലൂടെ പുണ്യത്തിന്റെ നെറുകയിലെത്തിയ വിശുദ്ധാത്മാക്കളാണ് വിശുദ്ധ ചാവറയച്ചനും വിശുദ്ധ എവുപ്രാസ്യമ്മയുമെന്ന് കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ. ഒല്ലൂർ എവുപ്രാസ്യ തീർഥകേന്ദ്രത്തിൽ വിശുദ്ധ എവുപ്രാസ്യമ്മയുടെ വിശുദ്ധപദ പ്രഖ്യാപന ദശവാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.
അനുസ്മരണയോഗത്തിൽ സിഎംസി ജനറൽ സുപ്പീരിയർ സിസ്റ്റർ ഗ്രെയ്സ് തെരേസ് അധ്യക്ഷയായി. റവന്യൂ മന്ത്രി അഡ്വ. കെ.രാജൻ മുഖ്യപ്രഭാഷണം നടത്തി. തീർഥകേന്ദ്രം ചെയർമാനും വികാരി ജനറാളുമായ മോണ്‍. ജോസ് വല്ലൂരാൻ, ഫാ. ജോസി താമരശേരി സിഎംഐ, ഫാ. റോയ് കണ്ണൻചിറ സിഎംഐ, ടാജ് ആന്റണി, കെ.ടി. ജോജു എന്നിവർ പ്രസംഗിച്ചു. തീർഥകേന്ദ്രം റെക്ടർ ഫാ. റാഫേൽ വടക്കൻ സ്വാഗതവും ജനറൽ കൗണ്‍സിലർ സിസ്റ്റർ ഡോ. ആനി തോമസ് നന്ദിയും പറഞ്ഞു.
വിശുദ്ധ എവുപ്രാസ്യമ്മയുടെ ജീവിതം അടിസ്ഥാനമാക്കി ഫാ. റോയ് കണ്ണൻചിറ എഴുതിയ വരികളുടെ നൃത്താവിഷ്കാരം തൃശൂർ സേക്രഡ് ഹാർട്ട് കോണ്‍വെന്റ് ഗേൾസ് ഹൈസ്കൂളിലെ കുട്ടികൾ അവതരിപ്പിച്ചു. വിമല കോളജിലെ കുട്ടികളുടെ മ്യൂസിക്കൽ ഡ്രാമയും ഉണ്ടായിരുന്നു. മേരിമാത ഇടവക അസി. വികാരി ഫാ. ജോണ്‍ പുത്തൂർ, സിസ്റ്റർ ലിസി ജോണ്‍, സിസ്റ്റർ ലിസ്ജോ, സിസ്റ്റർ ശുഭ ചാക്കോ എന്നിവർ നേതൃത്വം നൽകി.
ദശവാർഷികത്തോടനുബന്ധിച്ച് ഭവനനിർമാണപദ്ധതിക്കു തുടക്കം കുറിച്ച് 10 ലക്ഷം രൂപ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ഡോ. ക്രിസ്ലിൻ സിഎംസി കുര്യനു നൽകി. 10 കുട്ടികൾക്ക് 10,000 രൂപ വീതം സ്കോളർഷിപ്പും സിഎംഐ പ്രൊവിൻഷ്യൽ ഡോ. ജോസ് നന്തിക്കര വിതരണം ചെയ്തു.
ദശവാർഷികാഘോഷത്തിന്റെ ഭാഗമായി മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിന്റെ മുഖ്യകാർമികത്വത്തിൽ സമൂഹബലിയും നൊവേനയും തിരുശേഷിപ്പ് വണക്കവും ഉണ്ടായിരുന്നു.
ഭവനനിർമാണ പദ്ധതി നടപ്പാക്കും