വീട് കുത്തിത്തുറന്ന് മോഷണം
1479258
Friday, November 15, 2024 5:54 AM IST
വടക്കാഞ്ചേരി: വടക്കാഞ്ചേരിയിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് 15 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ചു.
ഓട്ടുപാറ - വാഴാനി റോഡിൽ എങ്കക്കാട് എച്ച്എംസി കോർണറിനും ലക്ഷംവീടിനും സമീപമുള്ള കളത്തിൽപറമ്പിൽ കുഞ്ഞാന്റെ വീട്ടിൽനിന്നാണ് എട്ടുലക്ഷത്തിലധികം രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയത്. സ്വർണത്തിനുപുറമേ രണ്ട് എൽഇഡി ടിവികളും ബാത്റൂമുകളിലെ പിച്ചളസാധനങ്ങളും കളവുപോയിട്ടുണ്ട്. ഇന്നലെരാവിലെ വീട്ടിൽ പുല്ലുവെട്ടാൻ എത്തിയ തൊഴിലാളികളാണ് വീട് തുറന്നുകിടക്കുന്ന വിവരം വീട്ടുടമസ്ഥനെ അറിയിച്ചത്.
മുഴുവൻ മുറികളിലെയും അലമാരകൾ കുത്തിത്തുറന്ന് വാരിവലിച്ചിട്ട നിലയിലാണ്. കോളജ് ജീവനക്കാരനായ കുഞ്ഞാൻ ഭാര്യ മരിച്ചശേഷം മക്കളുമൊത്ത് മലപ്പുറത്താണ് താമസം.
വടക്കാഞ്ചേരി സിഐ റെജിൻ എം.തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധനനടത്തി.