വീട്ടിൽനിന്നു സ്വർണവും ഉപകരണങ്ങളും കവർച്ച: അന്വേഷണം ഊർജിതം
1479567
Saturday, November 16, 2024 7:29 AM IST
വടക്കാഞ്ചേരി: പൂട്ടിയിട്ട വീട്ടിൽനിന്നും പതിനഞ്ചരപവൻ സ്വർണവും വീട്ടുപകരണങ്ങളും കവർന്ന കേസിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. വടക്കാഞ്ചേരി സിഐ റിജിൻ എം.തോമസിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കുറ്റകൃത്യത്തിൽ ഒന്നിലധികം ആളുകൾ പങ്കെടുത്തിട്ടുണ്ട് എന്നാണ് പ്രാഥമികനിഗമനം.
നാലുമാസത്തോളം ആൾതാമസമില്ലാതെ അടച്ചിട്ടിരുന്ന വീട്ടിൽനിന്നാണ് മോഷ്ടാക്കൾ പതിനഞ്ചരപ്പവൻ സ്വർണവും രണ്ട് ടിവിയും ബാത്റൂമിൽ ഉപയോഗിച്ചിരുന്ന വിലപിടിപ്പുള്ള ഉപകരണങ്ങളും മോഷ്ടിച്ചത്. വടക്കാഞ്ചേരി വാഴാനി റോഡിൽ എച്ച്എംസി കോർണറിൽ കളത്തിപ്പറമ്പിൽ കുഞ്ഞാന്റെ വീട്ടിലാണ് മോഷണംനടന്നത്. മണ്ണാർക്കാട് എംഇഎസ് കോളജിലെ ജീവനക്കാരനായ കുഞ്ഞാൻ മലപ്പുറത്താണ് താമസം. നാലുമാസംമുമ്പാണ് അവസാനമായി വീട്ടിൽവന്നത്. വീടിന്റെ പരിസരം കാടുകയറിയത് വെട്ടിതെളിക്കാൻ വ്യാഴാഴ്ച എത്തിയ തൊഴിലാളികളാണ് വീട് തുറന്നുകിടക്കുന്ന വിവരം വീട്ടുകാരെ അറിയിച്ചത്.
തുടർന്നുനടന്ന പരിശോധനയിലാണ് മോഷണംനടന്ന വിവരം അറിയുന്നത്. ഇരുനില വീടിന്റെ പിൻവശത്തെ ഡോർ ചവിട്ടിത്തുറന്നാണ് മോഷ്ടാക്കൾ അകത്തുകയറിയതെന്നാണ് നിഗമനം.
വീട്ടിലെ അലമാരകളെല്ലാം കുത്തിത്തുറന്ന് വസ്ത്രങ്ങളെല്ലാം മോഷ്ടാക്കൾ വലിച്ചുവാരിയിട്ട നിലയിലാണ് . ബാത്റൂമിനുള്ളിലെ വാഷ് ബേസിനും ടാപ്പുകളും എല്ലാം തകർത്തിട്ടുണ്ട്. താഴത്തെ നിലയിലെ റൂമിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് മോഷ്ടാക്കൾ അപഹരിച്ചത്. രണ്ട് ടിവിയും വീട്ടിലെ ഇൻവർട്ടറിന്റെ ബാറ്ററികളും മോഷ്ടാക്കൾ കൊണ്ടുപോയി. എസി ഉൾപ്പെടെയുള്ളവ കടത്തിക്കൊണ്ടുപോകുവാൻ ശ്രമം നടത്തിയിട്ടുണ്ടെന്ന് വീട്ടുടുമ കുഞ്ഞാൻ പറഞ്ഞു. ഒന്നിൽകൂടുതൽ ദിവസമെടുത്താണ് ഇവയെല്ലാം കടത്തിക്കൊണ്ടുപോയിരിക്കുന്നത് എന്നാണ് അനുമാനം.
എസ്ഐമാരായ ടി.സി. അനുരാജ്, ഹുസൈനാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കഴിഞ്ഞദിവസം ഡോഗ് സ്ക്വാഡും ഫിംഗർ പ്രിന്റ് ഉൾപ്പെടെയുള്ള സംഘം സ്ഥലത്തെത്തി പരിശോധനനടത്തി. വെള്ളിയാഴ്ചയും എസ്ഐ ഹുസൈനാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീട്ടിലെത്തി പരിശോധനനടത്തി.