ആറേശ്വരം ഷഷ്ഠിക്ക് ആയിരങ്ങള്‍
1479629
Sunday, November 17, 2024 2:59 AM IST
കൊടകര: കൊച്ചിന് ദേവസ്വം ബോര്‍ഡിനു കീഴിലെ ആറേശ്വരം ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവം വര്‍ണാഭമായി. വൃശ്ചികപ്പിറവിദിനത്തില് ക്ഷേത്രത്തില്‍ നടന്ന ആഘോഷച്ചടങ്ങുകളില്‍ സംബന്ധിക്കാന്‍ ആയിരങ്ങളാണ് ആറേശ്വരം കുന്നിന്‍മുകളിലെത്തിയത്.
കൊടകര മേഖലയിലെ ആദ്യത്തെ ഉത്സവാഘോഷമായ ആറേശ്വരം ഷഷ്ഠിക്ക് വന്‍ ജനപങ്കാളിത്തമാണ് ഇക്കുറി അനുഭവപ്പെട്ടത്. പുലര്‍ച്ചെ നാലിന് ക്ഷേത്രനട തുറന്നതുമുതല്‍ കുന്നിന്മുകളിലേക്ക് ഭക്തജനങ്ങളുടെ പ്രവാഹമായിരുന്നു. ശബരിമലവ്രതംനോറ്റ നൂറുകണക്കിനു ഭക്തരാണ് പുലര്‍ച്ചെ ക്ഷേത്രനടയിലെത്തി കറുപ്പണിഞ്ഞ് മാലയിട്ടത്. ക്ഷേത്രചടങ്ങുകള്‍ ഏറന്നൂര്‍ മനയ്ക്കല്‍ പ്രസാദ് നമ്പൂതിരി കാര്‍മികത്വം വഹിച്ചു. പത്ത് കാവടിസെറ്റുകളാണ് ആഘോഷത്തില്‍ പങ്കാളികളായത്.
രാവിലെ ഒമ്പതോടെ വിവിധ സെറ്റുകളില്നിന്നാരംഭിച്ച കാവടിയാട്ടം ഉച്ചയോടെ മലയടിവാരത്തെത്തി സമാപിച്ചു. കാവടി സെറ്റുകളുടെ വക അഭിഷേകവും ക്ഷേത്രത്തില്‍ നടന്നു. ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് എ.കെ. രാജന്, സെക്രട്ടറി പി.ആര്. അജയഘോഷ്, ട്രഷറര്‍ കെ.ആര്. രാധാകൃഷ്ണന്, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ കെ. സുധീര്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.