ഓട്ടോറിക്ഷ മറിഞ്ഞ് പത്താംക്ലാസ് വിദ്യാർഥിനി മരിച്ചു
1515138
Monday, February 17, 2025 10:18 PM IST
മട്ടാഞ്ചേരി: പരീക്ഷയുടെ അവസാന വട്ട ഒരുക്കത്തിനായി ട്യൂഷനു പോകവേ ഫോർട്ട്കൊച്ചിയിൽ മാന്ത്ര പാലത്തിന് സമീപം ഓട്ടോറിക്ഷ മറിഞ്ഞ് 10 -ാം ക്ലാസ് വിദ്യാർഥിനി മരിച്ചു.
അമരാവതി ധർമശാല റോഡിൽ മുരളി നിവാസിൽ ദർശന ജയറാമാ(14)ണ് മരിച്ചത്. ജയറാം-ജെൻസി ദന്പതികളുടെ മകളാണ്. ഇന്നലെ രാവിലെ 11 ഓടെയായിരുന്നു അപകടം.
പള്ളുരുത്തി സെന്റ് അലോഷ്യസ് സ്കൂൾ വിദ്യാർഥിനിയായിരുന്ന ദർശന ഇന്നു മുതൽ ഐസിഎസ്ഇ പത്താംക്ലാസ് പരീക്ഷയെഴുതാനിരിക്കെയായിരുന്നു അപകടം. യാത്രയ്ക്കിടെ പുറകെ ഉണ്ടായിരുന്ന ബസിന് സൈഡ് കൊടുത്തപ്പോൾ ഓട്ടോ മറിയുകയും ദർശന അടിയിൽപ്പെടുകയുമായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ദർശനയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്നു രാവിലെ 11 ന് ഫോർട്ട്കൊച്ചി വെളി പൊതുശ്മശാനത്തിൽ സംസ്കരിക്കും. സഹോദരി: രേവതി.