സഹകരണ സ്ഥാപനങ്ങളിലെ സാമ്പത്തിക തിരിമറികളില്‍ നടപടി വേണം: കോണ്‍ഗ്രസ്
1484192
Wednesday, December 4, 2024 3:56 AM IST
കൊച്ചി: ജില്ലയിലെ ചില സഹകരണ സ്ഥപനങ്ങളില്‍ നടക്കുന്ന സാമ്പത്തിക തിരിമറി ഒരുതരത്തിലും വച്ചുപൊറുപ്പിക്കാനാകില്ലെന്നും രാഷ്ട്രീയ ഭേദമന്യേ നിയമനടപടികള്‍ കൈക്കൊള്ളാന്‍ അധികാരികള്‍ തയാറാകണമെന്നും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി വിളിച്ചുചേര്‍ത്ത ജില്ലയിലെ സഹകരണസംഘം പ്രസിഡന്റുമാരുടെയും സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെയും സംയുക്ത യോഗം ആവശ്യപ്പെട്ടു.
ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഹകരണസംഘം പ്രസിഡന്റുമാരുടെയും സഹകാരികളുടെയും യോഗമാണ് ഡിസിസി ഓഫീസില്‍ വിളിച്ചുചേര്‍ത്തത്.
സമീപകാലത്ത് കരുവന്നൂരും കണ്ടലയും പോലെയുള്ള സഹകരണ ബാങ്കുകളില്‍ നടന്ന വലിയ കൊള്ളകളും ക്രമവിരുദ്ധമായ നടപടികളും സഹകരണ മേഖലയ്ക്ക് ഉണ്ടാക്കിയ പരിക്ക് ചെറുതല്ല.
ജില്ലയിലെ ചില സഹകരണ ബാങ്കുകളിലും ക്രമവിരുദ്ധമായ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അധികാരികള്‍ പരിശോധിച്ചു നടപടികള്‍ കൈക്കൊള്ളേണ്ടതാണെന്നും സഹകരണമേഖലയെ ശക്തിപ്പെടുത്താനുള്ള ഇടപെടലുകള്‍ ഉണ്ടാകണമെന്നും കെപിസിസി ജനറല്‍ സെക്രട്ടറി ബി.എ.അബ്ദുള്‍ മുത്തലിബ് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. നേതാക്കളായ ഒ.ദേവസി, കെ.എം.സലിം, കെ.പി.ബേബി, ആര്. ഹരി, വി.കെ.സേതു, മധു പറക്കാടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.