കിടങ്ങൂർ സെന്റ് ജോസഫ്സ് സ്കൂളിൽ സൈക്കിൾ യാത്രികനായ പൂർവവിദ്യാർഥിക്ക് സ്വീകരണം
1483504
Sunday, December 1, 2024 5:34 AM IST
കിടങ്ങൂർ: കിടങ്ങൂർ സെന്റ് ജോസഫ്സ് സ്കൂളിലെ പൂർവവിദ്യാർഥിയായ ഡോ. ടി.വി. മുരളി തന്റെ 21-ാമത്തെ ഏക വ്യക്തി സാഹസിക യാത്രയുടെ ഭാഗമായി കിടങ്ങൂർ സെന്റ് ജോസഫ്സ് സ്കൂളിൽ എത്തിച്ചേർന്നു. നവംബർ ആറിന് ബംഗളൂരുവിൽൽ നിന്ന് തുടങ്ങിയ മിഷൻ 2024 യാത്രയാണ് കിടങ്ങൂരിൽ സ്വന്തം വിദ്യാലയത്തിൽ പര്യവസാനിച്ചത്.
മാതൃവിദ്യാലയത്തിൽ ഡോ. മുരളിക്ക് ഊഷ്മള സ്വീകരണം നൽകി. പ്രിൻസിപ്പൽ സിസ്റ്റർ ജിസ തെരേസ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ ലളിത ട്രീസ, റീന ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
സമൂഹത്തിന് ഉപകാരപ്രദമായ സന്ദേശങ്ങൾ നല്കുവാനും പാവപ്പെട്ടവരെ സഹായിക്കാനായി ഫണ്ടുകൾ സംഭരിച്ചുള്ള മുരളിയുടെ സൈക്കിളിംഗ് യാത്രകൾ 2003ലാണ് ആരംഭിച്ചത്. 24 വർഷം പഴക്കമുള്ള സൈക്കിളിൽ 56കാരനായ മുരളി കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ പ്രദേശങ്ങളിലൂടെ താണ്ടിയിരിക്കുന്നത് ആയിരക്കണക്കിനു കിലോമീറ്ററുകളാണ്.
2015ൽ ആരോഗ്യം സർവധനാൽ പ്രദാനം എന്ന സന്ദേശവുമായി 1300 ഓളം കിലോമീറ്ററുകളാണ് 11 ദിവസങ്ങൾക്കുള്ളിൽ മുരളി സൈക്കിളിൽ സഞ്ചരിച്ചത്. സൈക്കിൾ യാത്രകൾക്ക് മുരളിക്ക് ഹോണററി ഡോക്ടറേറ്റും ലഭിച്ചിട്ടുണ്ട്.
അങ്കമാലി അങ്ങാടിക്കടവ് വീയാർ സദനത്തിലെ ടി.സി. വിശ്വനാഥന്റെയും രാജി വിശ്വനാഥന്റെയും മകനാണ് ഡോ. ടി.വി. മുരളി. 20 വർഷം വ്യോമസേനയിൽ സേവനം അനുഷ്ഠിച്ചു. അറിയപ്പെടുന്ന ബാലസാഹിത്യകാരനായ ഡോ. ടി.വി. മുരളി യുടെ 600ൽപ്പരം ഇംഗ്ലീഷ് കഥകളും കവിതകളും സമകാലീന മാധ്യമങ്ങളിൽ പ്രസിന്ധീകരിച്ചിട്ടുണ്ട്.