തൃക്കാക്കരയിൽ വീണ്ടും പ്ലാസ്റ്റിക് മാലിന്യമല
1483501
Sunday, December 1, 2024 5:34 AM IST
കാക്കനാട് : സംസ്ഥാനത്ത്ഏറ്റവുംകൂടുതൽ ജനസാന്ദ്രതയും റവന്യൂവരുമാനവുമുള്ള നഗരസഭയായ തൃക്കാക്കരയിൽ ഒരിടവേളയ്ക്കു ശേഷം വീണ്ടും പ്ലാസ്റ്റിക് മാലിന്യമല.
നഗരസഭാ മന്ദിരത്തിന് ഒരു വിളിപ്പാടകലെയാണ് നീക്കം ചെച്ചപ്പെടാതെ മാലിന്യം കുന്നു കൂടിക്കിടക്കുന്നത്. പ്ലാസ്റ്റിക്ക് വേർതിരിച്ച് ചാക്കുകളിലാക്കി നീക്കം ചെയ്യുന്നതിന് സ്വകാര്യ ഏജൻസിക്കു നഗരസഭ അങ്ങോട്ടു പണം നൽകുന്നുണ്ടെങ്കിലും ഏജൻസിയുടമ ഇവ സംഭരണസ്ഥലത്തു തന്നെ ഇപ്പോഴുംകൂട്ടിയിട്ടിരിക്കുകയാണ്.
ഒരു കിലോ പ്ലാസ്റ്റിക് മാലിന്യത്തിന് 4.80 പൈസ നിരക്കിൽ പ്രതിഫലം വാങ്ങിയാണ് കരാറുകാരൻ ഇവിടെ നിന്നും പ്ലാസ്റ്റിക്കുകൾ നീക്കം ചെയ്യുന്നതെങ്കിലും കൃത്യമായി ഇവ കയറ്റിക്കൊണ്ടുപോകുന്നില്ലെന്ന് പ്രതിപക്ഷ കൗൺസിലർമാരടക്കമുള്ളവർ ആരോപിക്കുന്നു.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ഇതേ കരാറുകാരന് കിലോഗ്രാമിന് ഏഴു രൂപ നിരക്കിൽ പ്രതിഫലം നൽകിയിരുന്നു. വലതു മുന്നണി അധികാരത്തിൽ വന്നപ്പോൾ പ്രതിഫല തുക വെട്ടിക്കുറച്ചെങ്കിലും മാലിന്യനിക്കത്തിൽ വൻ ക്രമക്കേട് നടന്നതായി ആരോപിച്ച് സിപിഎം നേതൃത്വത്തിൽ നഗരസഭക്കു മുന്നിൽ ഒരാഴ്ച മുൻപ് പ്രതിഷേധവും അരങ്ങേറിയിരുന്നു.
ലോഡുകളുടെ എണ്ണം പെരുപ്പിച്ചു കാട്ടി കരാറുകാരൻ നൽകിയ ബില്ലുകൾ അനധികൃതമായി പാസാക്കി കൊടുത്തെന്ന ആരോപണത്തെ തുടർന്നാണ് പ്രതിപക്ഷം രംഗത്തിറങ്ങിയത്. 400 മീറ്റർ അകലത്തിൽ കളക്ട്രേറ്റും ജില്ലാ പഞ്ചായത്തും സഹകരണ ആശുപത്രിയും കെബിപിഎസും ഒക്കെ സ്ഥിതി ചെയ്യുന്ന കണ്ണായ സ്ഥലത്താണ് പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ തുറസായ സ്ഥലത്ത് കൂട്ടിയിട്ടിട്ടുള്ളത്.
തൃക്കാക്കര നഗരസഭാ പരിധിക്കുള്ളിലെ വാർഡുകളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകൾ യന്ത്രസഹായത്തോടെ പൊടിച്ചു ഗ്രന്യൂളുകളാക്കി മാറ്റുന്നതിന് ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച ഷ്രഡിംഗ് യൂണിറ്റു തുരുമ്പെടുത്തു നശിച്ചു. വി.ഡി. സുരേഷ് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനായിരുന്ന കാലത്ത് സ്ഥാപിച്ച ഈ യൂണിറ്റിൽ നിന്നും ഉല്ലാദിപ്പിച്ചിരുന്ന പ്ലാസ്റ്റിക് തരികൾ റോഡുനിർമാണത്തിനായി പൊതുമരാമത്ത് വകുപ്പ് അധികൃതർ വില നൽകി വാങ്ങിയിരുന്നു.
കാക്കനാടും പരിസരങ്ങളിലുമുള്ള ചില റോഡുകളുടെ നിർമാണത്തിനും നഗരസഭ ഉത്പാദിപ്പിച്ചിരുന്ന ഗ്രന്യൂളുകൾ ടാർ മിക്സിംഗിലുൾപ്പെടുത്തി ഉപയോഗിക്കുകയും ചെയ്തിരുന്നു. ഒട്ടേറെപ്പേർക്ക് തൊഴിൽ ലഭ്യത ഉറപ്പുവരുത്താൻ കഴിയുമായിരുന്ന യൂണിറ്റ് പിന്നീട് പ്രവർത്തനരഹിതമാവുകയും ചെയ്തു.