കാപ്പ: കൊലക്കേസ് പ്രതിയെ ജയിലിലടച്ചു
1508447
Sunday, January 26, 2025 4:31 AM IST
കാലടി: കൊലപാതക കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മഞ്ഞപ്ര നടുവട്ടം സെബിപുരം ഭാഗത്ത് കൊടുങ്ങൂക്കാരൻ വീട്ടിൽ ബെറ്റിനെ(45)യാണ് വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷാണ് ഉത്തരവിട്ടത്.
കാലടി, അങ്കമാലി പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകം, നരഹത്യാശ്രമം, അതിക്രമിച്ച് കടക്കൽ, സംഘം ചേരൽ, ഭീഷണിപ്പെടുത്തൽ, തെളിവ് നശിപ്പിക്കൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ഒക്ടോബറിൽ അങ്കമാലിയിലെ ബാറിൽ വച്ച് ആഷിക്ക് മനോഹരൻ എന്നയാളെ സംഘം ചേർന്ന് കൊലപ്പെടുത്തിയ കേസിൽ ആറാം പ്രതിയായതിനെ തുടർന്നാണ് നടപടി.
കാലടി പോലീസ് ഇൻസ്പെക്ടർ അനിർകുമാർ ടി. മേപ്പിള്ളിയുടെ നേതൃത്വത്തിൽ എസ്ഐമാരായ ജോസി എം. ജോൺസൻ, എസ്സിപിഒ പി. എ. ഷംസു, സിപിഒമാരായ രാഹുൽ ആർ. കുമാർ, എൻ.കെ. നിഖിൽ എന്നിവരൂൾപ്പെട്ട അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.