ആലുവയ്ക്ക് കൗതുകമായി കുരങ്ങന്റെ ഊരുചുറ്റൽ
1508442
Sunday, January 26, 2025 4:14 AM IST
ആലുവ: കഴിഞ്ഞ ദിവസങ്ങളിലായി ആലുവ നഗരത്തിലും പരിസരങ്ങളിലും കറങ്ങിനടക്കുന്ന കുരങ്ങൻ നാട്ടുകാർക്ക് കൗതുകമാകുന്നു. സീനത്ത് തിയറ്ററിലും പരിസരത്തെ വീടുകളിലുമായാണ് ആൺ കുരങ്ങിനെ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്.
ഇന്നലെ ഫെഡറൽ ബാങ്ക് പരിസരത്തെ വീടുകളിലും കടകൾക്ക് മുകളിലുമായി ചുറ്റിക്കറങ്ങി. കാക്കകൾ പുറകെ ആർത്ത് കൂടുന്നതിനാൽ ഒരു സ്ഥലത്തും അധികനേരം നിൽക്കുന്നില്ല. കുരങ്ങൻ സഞ്ചാരം തുടരുകയാണ്.
കഴിഞ്ഞ ഒരു മാസമായി ആലുവ മേഖലയിൽ പലയിടത്തായി കുരങ്ങനെ കാണുന്നുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. ഉപദ്രവകാരിയല്ലാത്തതിനാൽ പോലീസിലൊന്നും അറിയിക്കേണ്ടതില്ലെന്നാണ് ഇവരും പറയുന്നത്.