വ്യവസായിയുടെ ലക്ഷങ്ങള്‍ തട്ടിയ പ്രതി കുടുങ്ങി
1508430
Sunday, January 26, 2025 4:06 AM IST
കൊച്ചി: പ്രമുഖ ബാങ്കിന്റെ പേരിലുള്ള ആധാര്‍ അപ്ഡേഷന് സന്ദേശത്തിനൊപ്പം എപികെ ഫയല്‍ അയച്ച്, എസ്എംഎസ് ചോര്‍ത്തി മട്ടാഞ്ചേരിയിലെ വ്യവസായിയുടെ ലക്ഷങ്ങള്‍ ഓൺലൈനായി തട്ടിയെടുത്ത പ്രതി പിടിയിലായി. ഉത്തര്‍പ്രദേശ് സ്വദേശിയായ ധീരജ് ഗിരി(28)യെയാണ് മട്ടാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.
പ്രത്യേക അന്വേഷണസംഘം നോയിഡയില്‍ നിന്ന് പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു. ഇയാളുടെ പക്കല്‍നിന്ന് ഇരുപതോളം ബാങ്ക് പാസ് ബുക്കുകളും നിരവധി എടിഎം കാര്‍ഡുകളും ചെക്ക് ബുക്കുകളും, വിവിധ ആളുകളുടെ പേരിലുള്ള പാന്‍ കാര്‍ഡുകളും ആധാര്‍ കാര്‍ഡുകളും, ആറോളം വില കൂടിയ മൊബൈല്‍ ഫോണുകളും നിരവധി സിം കാര്‍ഡുകളും കണ്ടെടുത്തു.
കൂടാതെ പ്രതിക്ക് വിവിധ ബാങ്കുകളില്‍ നിരവധി പണമിടപാടുകളും, ഫ്ളാറ്റും, ആഡംബര വാഹനങ്ങളും ഉള്ളതായി പോലീസ് കണ്ടെത്തി. സൈബര്‍ തട്ടിപ്പ് വഴി ലഭിക്കുന്ന തുക ആഡംബര ജീവിതത്തിനായാണ് ഉപയോഗിച്ചിരുന്നത്. പ്രതി ഇത്തരം തട്ടിപ്പു നടത്തുന്ന സംഘത്തിന്റെ ഭാഗമാണെന്ന് പോലീസ് പറഞ്ഞു.
സംഘത്തിന് സമാനമായ രീതിയില്‍ കോടികളുടെ തട്ടിപ്പ് നടത്തിയതിന് മറ്റ് സംസ്ഥാനങ്ങളില്‍ കേസ് നിലവിലുണ്ട്. പ്രതിയെ മട്ടാഞ്ചേരി കോടതിയില്‍ ഹാജരാക്കും.
സബ് ഇന്‍സ്പെക്ടര്‍ ജിമ്മി ജോസ്, എസ്സിപിഒമാരായ എഡ്വിന് റോസ്, സുബിത്ത് കുമാര്‍, ധനീഷ്, സിപിഒ ഫെബിന് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.