മൈസൂർ സ്വദേശിയെ തട്ടിക്കൊണ്ടു പോയ ഏഴംഗ സംഘം അറസ്റ്റിൽ
1508949
Tuesday, January 28, 2025 6:58 AM IST
ആലുവ: സ്വർണത്തിനു പകരം പിച്ചള നല്കി ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പേരിൽ മൈസൂർ സ്വദേശിയെ ആലുവയിൽ വിളിച്ചു വരുത്തി തട്ടിക്കൊണ്ടുപോയ ഏഴംഗ സംഘത്തെ മണിക്കൂറുകൾക്കകം റൂറൽ ജില്ലാ പോലീസ് പിടികൂടി.
എടത്തല മണലിമുക്ക് പുത്തൻപുരയിൽ അൽത്താഫ് അസീസ് (28), പുത്തൻപുരയിൽ ആദിൽ അസീസ് (27), വെസ്റ്റ് കടുങ്ങല്ലൂർ അമ്പാക്കുടി ഹൈദ്രോസ് (37), വെസ്റ്റ് കടുങ്ങല്ലൂർ മൂത്തേടത്ത് ഫസിൽ (37), മണലിമുക്ക് പുത്തൻപുരയിൽ മുഹമ്മദ് അമൽ (31), കുഞ്ഞുണ്ണിക്കര ഉളിയന്നൂർ ചിറമൂരിയിൽ മുഹമ്മദ് ആരിഫ് ഖാൻ (33), കടുങ്ങല്ലുർ മുപ്പത്തടം ചെറുകടവിൽ സിജോ ജോസ് (37) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 26ന് രാവിലെ പൈപ്പ് ലൈൻ റോഡിൽ ജില്ലാശുപത്രി മോർച്ചറിയുടെ മുന്നിലായിരുന്നു സംഭവം.
മൈസൂർ സ്വദേശി ഗോമയ്യയെയാണ് ആലുവയിൽ വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയത്. പോലീസ് നടത്തിയ അന്വേഷണത്തിൽ ഉളിയന്നൂർ ഭാഗത്തെ ആളൊഴിഞ്ഞ പ്രദേശത്ത് നിന്ന് ഗോമയ്യയെ കണ്ടെത്തുകയായിരുന്നു. തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച മൂന്ന് വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ആലുവയിലെത്തിയ ഗോമയ്യയെയും സുഹൃത്തിനെയും ഏഴംഗ സംഘം റെയിൽവേ സ്റ്റേഷനിൽ നിന്ന് ആദ്യം പൈപ്പ്ലൈൻ റോഡു വരെ ഒരു വാഹനത്തിൽ കൊണ്ടുവന്നു. അതിനു ശേഷം മറ്റൊരു വാഹനത്തിലേക്ക് കയറ്റാനുള്ള ശ്രമത്തിനിടെ സംഘവുമായി പിടിവലി ഉണ്ടാകുകയും ഗോമയ്യയുടെ സുഹൃത്ത് ഓടി രക്ഷപ്പെടുകയും ചെയ്തു.
സംഭവം കണ്ട ലോട്ടറി വില്നക്കാരനായ ശശി പോലീസിൽ വിവരം അറിയിച്ചതാണ് തട്ടിപ്പ് സംഘത്തെ പിടികൂടുന്നതിനു നിർണായകമായത്. ഉടൻ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നഗരവും പരിസരവും വളഞ്ഞ് നടത്തുകയും പ്രതികളെ വലയിലാക്കുകയായിരുന്നു.
തട്ടിക്കൊണ്ടുപോകൽ മൂന്നു ലക്ഷം തിരികെ കിട്ടാൻ
കഴിഞ്ഞ ഡിസംബറിൽ വ്യാജ സ്വർണം നൽകി കർണാടക സ്വദേശികൾ കബളിപ്പിച്ചതായാണ് പ്രതി അൽത്താഫ് മൊഴി നല്കിയത്. കർണാടകയിൽ ഭൂമി കുഴിച്ചപ്പോൾ കിട്ടിയ സ്വർണം കുറഞ്ഞ വിലയ്ക്ക് നൽകാമെന്ന് പറഞ്ഞാണ് അന്ന് കർണാടക സ്വദേശികൾ സമീപിച്ചത്. മൂന്നു ലക്ഷം രൂപ നൽകി സ്വർണവും കൈപ്പറ്റി. പിന്നീടാണ് ഇത് പിച്ചളയാണെന്ന് മനസിലായത്. തട്ടിപ്പ് നടത്തിയവരിൽ നിന്ന് തുക തിരികെ വാങ്ങാനാണ് തട്ടിക്കൊണ്ടു പോകൽ പദ്ധതി ആസൂത്രണം ചെയ്തത്. സ്വർണം ആവശ്യമുണ്ടെന്ന് പറഞ്ഞ് മറ്റൊരു ഫോൺ നമ്പറിൽ 26ന് ആലുവയിലേക്ക് കർണാടക സ്വദേശികളെ വിളിച്ചു വരുത്തുകയായിരുന്നു.
ഇരുവരെയും റെയിൽവേ സ്റ്റേഷനിൽ നിന്ന് കാറിൽ കയറ്റി മോർച്ചറിക്ക് സമീപം എത്തിച്ചു. അവിടെ വച്ച് ബലമായി മറ്റൊരു വാഹനത്തിൽ കയറ്റുന്നതിനിടെ ഗോമയ്യയുടെ സുഹൃത്ത് ഓടി രക്ഷപ്പെട്ടു. തുടർന്ന് ഉളിയന്നൂരിലേക്ക് പോകവെ പ്രതികൾ ഗോമയ്യയുടെ ഫോണിൽ നിന്ന് ഇയാളുടെ അച്ഛനുമായി സംസാരിച്ചു. അഞ്ചു ലക്ഷം രൂപ തന്നില്ലെങ്കിൽ മകനെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പോലീസ് പറഞ്ഞു.
പോലീസ് സംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിൽ സംഭവം നടന്ന് മണിക്കൂറുകൾക്കകം പ്രതികളെ പിടികൂടാനായി. ഡിവൈഎസ്പി ടി.ആർ. രാജേഷ്, എസ്എച്ച്ഒ എം.എം. മഞ്ജുദാസ്, എസ്ഐമാരായ കെ. നന്ദകുമാർ, അബ്ദുൾ ജലീൽ, പി.എം. സലീം, ചിത്തുജി, സുജോ ജോർജ്, സീനിയർ സിപിഒമാരായ പി.എ. നൗഫൽ, മുഹമ്മദ് അമീർ, മാഹിൻഷാ അബൂബക്കർ, കെ.എം. മനോജ്, കെ.എ. നൗഫൽ, പി.ജെ. വർഗീസ്, സി.ടി. മേരിദാസ്, എസ്. സുബ്രഹ്മണ്യൻ, ഷിബിൻ തോമസ്, പി.എ. ജാബിർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
പ്രതികളിൽ കോൺഗ്രസ് നേതാക്കളും
കേസിലെ പ്രതികളിൽ മൂന്ന് യൂത്ത് കോൺഗ്രസ് നേതാക്കളും ഉൾപ്പെട്ടത് പാർട്ടിക്ക് നാണക്കേടായി. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഫസിൽ (45), യൂത്ത് കോൺഗ്രസ് കളമശേരി ബ്ലോക്ക് ജനറൽ സെക്രട്ടറി സിജോ ജോസ് (34), കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എ. ഹൈദ്രോസ് (37) എന്നിവരാണ് പിടിയിലായ കോൺഗ്രസ് നേതാക്കൾ.