യുവാവ് ട്രെയിൻ തട്ടി മരിച്ചു
1508398
Saturday, January 25, 2025 10:33 PM IST
ആലുവ: ദുരൂഹ സാഹചര്യത്തിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു. കുന്നത്തേരി മോളത്തുപറന്പിൽ പരേതനായ ഗോപാലന്റെ മകൻ ജിതിനാ(38)ണ് മരിച്ചത്. മെട്രോ മുട്ടം യാർഡിന് സമീപം റെയിൽവേ ട്രാക്കിൽ വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.
ഏതാനും പേരിൽനിന്നും രക്ഷപ്പെടാൻ റെയിൽവേ പാളത്തിലേക്ക് ഓടിയപ്പോൾ ട്രെയിൻ ഇടിക്കുകയായിരുന്നുവെന്നാണ് ഒപ്പം ഉണ്ടായിരുന്നയാൾ ആലുവ പോലീസിന് മൊഴി നൽകിയത്. ആരാണ് ഓടിച്ചതെന്നും എന്തിനാണ് ഓടിച്ചതെന്നും വ്യക്തമായിട്ടില്ല.
സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. രാത്രി ഏഴരയോടെ ജിതിനും കുന്നത്തേരി സ്വദേശിയും സുഹൃത്തുമായ ജിനേഷും ഒരുമിച്ച് മുട്ടം യാർഡിന് സമീപം എത്തി. ലഹരി മാഫിയ തന്പടിക്കുന്ന സ്ഥലം കൂടിയാണിത്. അവിടെ വച്ച് ചിലർ ഓടിച്ചെന്നാണ് ജിനേഷ് പറയുന്നത്. ജിതിൻ മദ്യലഹരിയിലായിരുന്നു.
ട്രെയിൻ തട്ടിയ ഉടനെ പരിസരത്തുണ്ടായവരോട് ആശുപത്രിയിൽ എത്തിക്കാൻ അഭ്യർഥിച്ചെങ്കിലും ആരും തയാറായില്ല. രണ്ടു കിലോമീറ്റർ അകലെയുള്ള കുന്നത്തേരിയിലെത്തി പഞ്ചായത്ത് അംഗത്തെ ഉൾപ്പെടെ വിളിച്ചാണ് ഒപ്പമുണ്ടായിരുന്നയാൾ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
2024 ഫെബ്രുവരി ഏഴിന് കോട്ടയം- നിലന്പൂർ ട്രെയിനിൽ ഉറങ്ങുകയായിരുന്ന വയോധികയുടെ രണ്ടരപ്പവന്റെ മാല പൊട്ടിച്ചെടുത്ത കേസിൽ പ്രതിയാണ് ജിതിൻ. മണിക്കൂറുകൾക്കകം റെയിൽവേ പോലീസ് ജിതിനെ പിടികൂടിയിരുന്നു. അമ്മ: അംബിക. ഭാര്യ: ശ്രുതി. മക്കൾ: ആരോമൽ, ആരവ്.