പഴുതടച്ചിട്ടും പഴി കുറഞ്ഞില്ല ; വിമർശനങ്ങളുമായി പ്രതിനിധികൾ
1508947
Tuesday, January 28, 2025 6:58 AM IST
കൊച്ചി: സർക്കാരിനും പാർട്ടി നേതൃത്വത്തിനും നേരെയുള്ള വിമർശനശരങ്ങൾക്കു മൂർച്ച കുറയ്ക്കാൻ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ കരുതലോടെ ഇടപെട്ടിട്ടും സിപിഎം ജില്ലാ സമ്മേളനത്തിൽ പ്രതിനിധികളുടെ പ്രതികരണങ്ങളിൽ ചൂടു കൂടി. ജില്ലയിലെ മന്ത്രിയുടെ പ്രവർത്തനങ്ങളുടെ വീഴ്ചകൾക്കും ആഭ്യന്തര വകുപ്പിലുണ്ടായ നാണക്കേടുകൾക്കും സമ്മേളന പ്രതിനിധികളുടെ പഴി കണക്കിനു കിട്ടി.
കൂത്താട്ടുകുളത്ത് കൗൺസിലറെ തട്ടിക്കൊണ്ടുപോകലും തൃപ്പൂണിത്തുറയിലെ വിഭാഗീയതയും ഉൾപ്പെടെ പാർട്ടിക്കു തലേവദനയായ പ്രശ്നങ്ങളിൽ രൂക്ഷമായ പ്രതികരണങ്ങൾ ഒഴിവാക്കാൻ പാർട്ടി നേതൃത്വം നേരത്തെ മുൻകരുതലുകളെടുത്തിരുന്നു. ഒരു ജില്ലയിലും വിഭാഗീയത ഇല്ലെന്ന പ്രതീതി ഉറപ്പാക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ നിർദേശങ്ങൾക്കനുസരിച്ചുള്ള ജാഗ്രതയും സമ്മേളന നടപടികളിലുണ്ടായി. എന്നിട്ടും സർക്കാരിനും സംഘടനാവീഴ്ചകളിലും വിമർശനം ഉന്നയിക്കാൻ ചില പ്രതിനിധികൾ മടിച്ചില്ല.
പാർട്ടി അംഗങ്ങളുടെ പരാതികൾ പോലും പോലീസ് കേൾക്കുന്നില്ലെന്ന വിമര്ശനം ഏതാനും പ്രതിനിധികൾ ഉന്നയിച്ചു. പോലീസ് സ്റ്റേഷനുകളിൽ ബിജെപിക്കാർക്കു കിട്ടുന്ന പരിഗണന പോലും സിപിഎം പ്രവർത്തകർക്കില്ല. പാർട്ടിക്കാർക്കും പോലീസ് മർദനം ഏൽക്കേണ്ട സാഹചര്യമുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടി.
ജില്ലയിലെ തൊഴിലാളികളുടെ പ്രശ്നങ്ങളിൽ പോലും വ്യവസായ മന്ത്രി ഇടപെടുന്നില്ലെന്ന കുറ്റപ്പെടുത്തലും പ്രതിനിധി സമ്മേളനത്തിൽ ഉയർന്നു. വന്യജീവി ആക്രമണങ്ങൾ തുടർച്ചയായിട്ടും ഫലപ്രദമായ ഇടപെടൽ നടത്താൻ വനം വകുപ്പിന് ആയില്ല. പെൻഷൻ വിതരണത്തിലുൾപ്പെടെയുണ്ടാക്കുന്ന കാലതാമസത്തിൽ ധനവകുപ്പിനു നേരെയും ചില പ്രതിനിധികൾ ആക്ഷേപമുയർത്തി. ചില സിപിഎം നേതാക്കൾക്കു പബ്ലിസിറ്റി മാനിയ ഉണ്ടെന്നു സമ്മേളനത്തിൽ വിമർശനമുയർന്നു. നിസാര കാര്യങ്ങൾ പോലും വാർത്തയാക്കുന്ന രീതി സിപിഎം നേതാക്കൾക്കു ചേരുന്നതല്ലെന്നും ചൂണ്ടിക്കാട്ടി.
എൽഡിഎഫിലെ മുഖ്യഘടകകക്ഷിയായ സിപിഐക്കു നേരെയും രൂക്ഷമായ വിമർശനമാണ് ഉയർന്നത്. സർക്കാർ പ്രതിസന്ധിയിലാവുന്ന വിഷയങ്ങളിൽ സിപിഐ നല്ലപിള്ള ചമയാൻ ശ്രമിക്കുകയാണെന്നായിരുന്നു പ്രധാന വിമർശനം. അതേസമയം സർക്കാരിന്റെയും പാർട്ടിയുടെയും പ്രവർത്തനങ്ങൾ തൃപ്തികരമെന്നായിരുന്നു ചർച്ചകൾക്കുള്ള മറുപടിയിലെ ഉള്ളടക്കം.
കൂത്താട്ടുകുളം നഗരസഭാ കൗൺസിലർ കല രാജുവിനെ തട്ടിക്കൊണ്ടുപോയതിൽ പാർട്ടിക്ക് വീഴ്ചയില്ലെന്നു സമ്മേളനം വിലയിരുത്തി. പാർട്ടിയെ ഒറ്റുകൊടുക്കുന്നവരോട് വിട്ടുവീഴ്ച ആവശ്യമില്ലെന്നും സമ്മേളനം വ്യക്തമാക്കി.