വിദേശ ജോലി തട്ടിപ്പ്; ഒരാൾ പിടിയിൽ
1508436
Sunday, January 26, 2025 4:14 AM IST
പെരുമ്പാവൂർ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ പിടിയിൽ. കുറുപ്പംപടി രായമംഗലം കുരുവപ്പാറ അട്ടായത്ത് ബിനിൽകുമാർ (41) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂരിൽ രജിസ്റ്റർ ചെയ്ത കേസിൽ മാത്രം 15 ഓളം പേർക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ട്. അടുത്ത കാലത്തായി അമ്പതിലേറെ പേർ ഈ തട്ടിപ്പുസംഘത്തിന്റെ ഇരകളായിട്ടുണ്ടെന്നാണ് ഉദ്യോഗാർഥികൾ പോലീസിനോട് പറഞ്ഞത്.
സിംഗപ്പൂർ പോലുള്ള രാജ്യങ്ങളിൽ പാക്കിംഗ് ഹെൽപ്പർ ജോലിയാണ് വാഗ്ദാനം നൽകിയത്. രണ്ട് ലക്ഷത്തോളം രൂപ ശന്പളവും ഓഫർ ചെയ്തിരുന്നു. ചിലർക്ക് വ്യാജ വിസയും നൽകി. ലക്ഷങ്ങളാണ് ഉദ്യോർഥികളിൽ നിന്ന് വാങ്ങിയിരുന്നത്. പിന്നീട് ഓരോ കാരണങ്ങൾ പറഞ്ഞ് യാത്ര നീട്ടിക്കൊണ്ടുപോവുകയായിരുന്നു.
പെരുമ്പാവൂരിൽ ഫ്ലൈവില്ലോ ട്രീ ഇന്റർനാഷനൽ എന്ന സ്ഥാപനത്തിന്റെ മറവിലാണ് തട്ടിപ്പ് നടത്തിയത്. തുടർന്ന് ഇയാൾ ഒളിവിൽ പോയി. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്തിൽ രൂപീകരിച്ച അന്വേഷണ സംഘം തൊടുപുഴ ഇടവെട്ടിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. നിരവധി സ്റ്റേഷനുകളിൽ സമാനമായ കേസുകൾ ഇയാൾക്കെതിരെയുണ്ട്.