കാനയിലേക്ക് ശുചിമുറി മാലിന്യമടക്കം ഒഴുക്കുന്നവർക്കെതിരെ നടപടി
1508456
Sunday, January 26, 2025 4:35 AM IST
മൂവാറ്റുപുഴ: കെഎസ്ആർടിസി സ്റ്റാന്‍ഡിന്റെ മുൻവശത്തുകൂടി കടന്നുപോകുന്ന എംസി റോഡിന്റെ ഇരുവശത്തായി മഴവെള്ളം ഒഴുക്കുന്നതിന് നിർമിച്ചിരിക്കുന്ന കാനയിലേക്ക് ശുചിമുറി മാലിന്യമടക്കം ഒഴുക്കി വിടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ തീരുമാനിച്ചതായി നഗരസഭ സെക്രട്ടറി അറിയിച്ചു.
130 ജംഗ്ഷൻ, നാസ് റോഡ്, ബാപ്പുജി റോഡ്, ബൈപാസ് റോഡ്, മറ്റ് പരിസരപ്രദേശത്ത് സ്ഥിതിചെയ്യുന്ന വ്യാപാര സ്ഥാപനങ്ങൾ, ഹോട്ടലുകൾ, വീടുകൾ എന്നിവിടങ്ങളിൽ നിന്നും വ്യാപകമായി മാലിന്യങ്ങൾ ഓടയിലേക്ക് തുറന്നുവിടുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് പരിശോധന കർശനമാക്കാൻ നഗരസഭ തീരുമാനിച്ചിരിക്കുന്നത്.
മലിന ജലം മണ്ണാംകടവ് തോടിലൂടെ ഒഴുകി മൂവാറ്റുപുഴയാറിൽ പതിക്കുകയും തുടർന്ന് ജലസ്രോതസ് മലിനപ്പെടുകയാണ്. നിയമവിരുദ്ധമായ പ്രവൃത്തി ചെയ്യുന്നവരെ കണ്ടെത്തുന്നതിന് പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് കാനകൾ ഉൾപ്പെടെ തുറന്ന് പരിശോധിക്കുന്നതിനും നടപടി സ്വീകരിച്ച് വരുന്നതായി നഗരസഭാ സെക്രട്ടറി അറിയിച്ചു.