ആലുവ ശിവരാത്രി: ബലിത്തറ ലേലം ആരംഭിച്ചു
1508932
Tuesday, January 28, 2025 6:58 AM IST
ആലുവ: മഹാശിവരാത്രിയുടെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ആലുവ മണപ്പുറത്ത് ബലിത്തറ ലേലം ആരംഭിച്ചു. ലേലം വിളി സ്ഥലത്ത് പ്രദർശിപ്പിച്ച രൂപരേഖയിൽ നൂറോളം ബലിത്തറകൾ ഉള്ളതായി രേഖപ്പെടുത്തിയത് കോടതി വിധി ലംഘനമാണെന്ന് അർച്ചക്പുരോഹിത് സംഘടന ആരോപിച്ചു.
കോടതി ഉത്തരവ് പ്രകാരം 80 ബലിത്തറകളാണ് ലേലം ചെയ്യേണ്ടത്. എന്നാൽ നൂറോളം ബലിത്തറകളുടെ രൂപരേഖ ദേവസ്വം ബോർഡ് പ്രദർശിപ്പിച്ചിരുന്നു. ദേവസ്വം സ്ഥലം ലേലം ചെയ്ത് കൊടുക്കുമ്പോൾ വാവ് ദിവസം ഭക്തജനങ്ങൾക്ക് രാത്രി മണപ്പുറത്ത് തമ്പടിച്ച് ബലിതർപ്പണം ചെയ്യാൻ പറ്റാത്ത സാഹചര്യം ഉണ്ടാകുമെന്നും ദേവസ്വം ബോർഡ് ഇതിൽനിന്ന് പിൻമാറണമെന്നും അർച്ചക്പുരോഹിത് സംഘടന ആവശ്യപ്പെട്ടു.