മൊബൈൽ ഫോൺ നൽകിയില്ല ; രണ്ടുപേരെ അയൽവാസി കുത്തി പരിക്കേൽപ്പിച്ചു
1508944
Tuesday, January 28, 2025 6:58 AM IST
വൈപ്പിൻ: രാത്രിയിൽ വീട്ടിലെത്തി മൊബൈൽ ഫോൺ ചോദിച്ചിട്ട് നൽകാതിരുന്ന വീട്ടുകാരനെയും സുഹൃത്തിനേയും അയൽവാസിയായ യുവാവ് കത്തിക്കു കുത്തിപ്പരിക്കേൽപ്പിച്ചു. ഞായറാഴ്ച രാത്രി 9.45 ന് നായരമ്പലം നെടുങ്ങാടാണ് സംഭവം.
വയറിനു കുത്തേറ്റ യൂത്ത് കോൺഗ്രസ് നേതാവ് നായരമ്പലം സ്വദേശി ലിയോ കുഞ്ഞച്ചനെ (35) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും വീട്ടുകാരനായ നായരമ്പലം കളത്തിപ്പറമ്പിൽ തോമസി (42)നെ ഞാറക്കൽ സർക്കാരാശുപത്രിയിലും പ്രവേശിച്ചു.
സംഭവത്തെ തുടർന്ന് തോമസിന്റെ ബന്ധുവും അയൽവാസിയുമായ ഉണ്ണി എന്നു വിളിക്കുന്ന നായരമ്പലം കളത്തിപ്പറമ്പിൽ ഇമ്മാനുവൽ ടോമിയെ (21 ) ഞാറയ്ക്കൽ പോലീസ് ഇന്നലെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ലിയോക്ക് വയറിനാണ് കുത്തേറ്റത്. തടയാൻ ചെന്ന തോമസിനു കൈ വിരലുകൾക്കും തലയ്ക്കും മുറിവേറ്റു.
തോമസും സുഹൃത്തായ ലിയോയും രാത്രി തോമസിന്റെ വീട്ടുമുറ്റത്ത് നിൽക്കുമ്പോഴായിരുന്നു ഇമ്മാനുവൽ അവിടേക്ക് വന്ന് വഴിയിൽ കാണാതായ തന്റെ മൊബൈൽ തെരയുന്നതിനായി തോമസിന്റെ ഫോൺ ചോദിച്ച് തർക്കമുണ്ടാക്കിയതെന്ന് പോലീസ് പറഞ്ഞു.