റോഡ് സുരക്ഷാ ബാരിയറുകൾ സ്ഥാപിക്കാൻ എംപി നിർദേശം
1508455
Sunday, January 26, 2025 4:31 AM IST
മൂവാറ്റുപുഴ: പണ്ടപ്പിള്ളി - തൊടുപുഴ റോഡിലെ എംവിഐപി കനാൽ ഒഴുകുന്ന തോട്ടക്കര ഭാഗത്ത് റോഡ് സുരക്ഷാ ബാരിയറുകൾ സ്ഥാപിക്കാൻ ഡീൻ കുര്യാക്കോസ് എംപി പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർക്ക് നിർദേശം നൽകി. ഇടതുകര പ്രധാന കനാലിന്റെ അരികിലൂടെയാണ് തോട്ടക്കര ഭാഗത്ത് പണ്ടപ്പിള്ളി - തൊടുപുഴ റോഡ് പോകുന്നത്.
20 അടിയോളം വെള്ളം നിറഞ്ഞൊഴുകുന്ന കനാൽ യാത്രക്കാർക്ക് ഏറെ അപകട ഭീഷണിയാണ്. ശബരിമല തീർഥാടകരുടെ പ്രധാന പാതയായ പണ്ടപ്പിള്ളി - പാറക്കടവ് റോഡിലൂടെ ഒട്ടേറെ സ്കൂൾ വാഹനങ്ങളും കടന്നുപോകുന്നുണ്ട്. കനാലിൽ വാഹനങ്ങൾ വീണ് അപകടങ്ങൾ പതിവായതിനെതുടർന്നാണ് എംപിക്ക് പഞ്ചായത്തംഗം സുനിതാ വിനോദ് നിവേദനം നൽകിയത്.