നാടകവും കലാജാഥയും
1508459
Sunday, January 26, 2025 4:35 AM IST
മൂവാറ്റുപുഴ: വയോജന നിയമ പരിപാലനത്തിന്റെ അനിവാര്യത നാടകത്തിലൂടെ അവതരിപ്പിച്ച് ലീഗൽ സർവീസ് അഥോറിറ്റി. ജില്ല ലീഗൽ സർവീസസ് അഥോറിറ്റിക്കു വേണ്ടി മൂവാറ്റുപുഴ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയാണ് അഭിഭാഷകരുടെയും കോടതി ജീവനക്കാരുടെയും നേതൃത്വത്തിൽ നാടകവും കലാജാഥയും അവതരിപ്പിച്ചത്.
സ്വത്തുക്കൾ എഴുതിവാങ്ങി മക്കൾ ഉപേക്ഷിച്ച വയോധികനെ നിയമ സഹായത്തിലൂടെ ജീവിതത്തിലേക്ക് തരിച്ചു കൊണ്ടുവരാൻ ശ്രമിക്കുന്നതാണ് നാടകത്തിന്റെ കഥ. മകൻ മനസ് മാറി പിതാവിനെ സ്വീകരിക്കാൻ തയ്യാറാകുന്പോഴേക്കും അച്ഛൻ ജീവിത്തോട് വിടപറയുന്നു. നിയമ സഹായം, നടപടികൾ, കൗണ്‍സിലിംഗ് എന്നിവ നാടകത്തിലൂടെ അറിയിക്കാൻ സാധിക്കുമെന്ന് രചനയും സംവിധാനവും നിർവഹിച്ച അഭിഭാഷകനായ പ്രവീണ്‍ പി. മണപ്പാട്ട് പറഞ്ഞു.
കണയന്നൂരിൽ തുടക്കമിട്ട നാടകം ആറ് താലൂക്കുകളിൽ അവതരിപ്പിച്ചു. സമാപന യോഗം മൂവാറ്റുപുഴ താലൂക്ക് സർവീസ് കമ്മിറ്റി ചെയർമാൻ ജില്ലാ ജഡ്ജി ജി. മഹേഷ് ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ അഡീഷണൽ ജില്ല ജഡ്ജി ടോമി വർഗീസ്, ബാർ അസോസിയേഷൻ പ്രസിഡന്റ് ജോസ് വർഗീസ് എന്നിവർ പങ്കെടുത്തു.