പെരിയാർവാലി കനാൽ കവിഞ്ഞൊഴുകി; 28 വീടുകളിൽ വെള്ളം കയറി
1508940
Tuesday, January 28, 2025 6:58 AM IST
ആലങ്ങാട്: ആലങ്ങാട് പഞ്ചായത്തിലെ തിരുവാലൂരിലെ പെരിയാർവാലി കനാൽ കവിഞ്ഞൊഴുകിയതോടെ 28 വീടുകളിൽ വെള്ളം കയറി. തിരുവാലൂർ എംടി ലിങ്ക് റോഡിലെ കനാലിന് അരികിലുള്ള വീടുകളിലാണു കഴിഞ്ഞദിവസം വെള്ളം കയറിയത്. ആലങ്ങാട് പഞ്ചായത്ത് പരിധിയിൽ കുടിവെള്ള ക്ഷാമം രൂക്ഷമായതിനാൽ പെരിയാർവാലി കനാൽ വഴി കഴിഞ്ഞ മൂന്ന് ദിവസമായി തുടർച്ചയായി വെള്ളം പമ്പ് ചെയ്യുന്നുണ്ട്. ഇതാണു വെള്ളം കരകവിഞ്ഞ് ഒഴുകാൻ കാരണമായത്.
സാധാരണഗതിയിൽ കുറച്ചുദിവസം ഇടവിട്ടാണു കനാൽ വഴി വെള്ളം പമ്പ് ചെയ്തിരുന്നത്. എന്നാൽ ഇത്തവണ കിണറുകൾ പോലും വറ്റിയതോടെയാണു തുടർച്ചയായി വെള്ളം പമ്പ് ചെയ്യേണ്ടിവന്നത്. വീടുകളിലേക്കു വെള്ളം കയറുന്നതായി പരാതി അറിയിച്ചതോടെ പെരിയാർവാലി അധികൃതർ വൈകിട്ടോടെ പമ്പിംഗ് നിർത്തിവച്ചു.
പെട്ടെന്ന് കനാൽ കവിഞ്ഞു വെള്ളം ഒഴുകിയതോടെ ആളുകൾ പരിഭ്രാന്തരായിരുന്നു. നിലവിൽ വീടുകളിലെ വെള്ളം താഴ്ന്നിട്ടുണ്ട്. പെരിയാർവാലി അധികൃതർ കൃത്യമായ മുന്നറിയിപ്പ് നൽകാതെയാണ് തുടർച്ചയായി കനാലിലൂടെ വെള്ളം തുറന്നുവിട്ടതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.