പൂട്ടിക്കിടന്ന വീട്ടില്‍ കവര്‍ച്ച; രണ്ട് അസം സ്വദേശികള്‍ പിടിയില്‍
1508943
Tuesday, January 28, 2025 6:58 AM IST
കൊച്ചി: എറണാകുളത്ത് നഗരമധ്യത്തില്‍ പൂട്ടിക്കിടന്ന വീട്ടില്‍ കവര്‍ച്ച നടത്തിയ കേസില്‍ രണ്ട് അസാം സ്വദേശികള്‍ അറസ്റ്റില്‍. മൊഹിദുള്‍ ഇസ്ലാം (27), ബാബു സൊഹറ(28) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലീസ് ഇന്‍സ്പെക്ടര്‍ ബി. സജീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്റെ രണ്ടാം പ്ലാറ്റ് ഫോമിന് സമീപത്തായി കാടുപിടിച്ചുകിടക്കുന്ന പ്രദേശത്തുള്ള പഴയ ഓടിട്ട വീടിന്റെ മച്ചിനു മുകളിലിരുന്ന് മോഷ്ടിച്ച ചില്ലറ ഉള്‍പ്പെടെ പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിനിടെയാണ് ഇരുവരും അറസ്റ്റിലായത്. കവര്‍ന്ന സ്വര്‍ണത്തില്‍ ഏഴു പവന് മാത്രമാണ് പ്രതികളില്‍നിന്ന് കണ്ടെത്താനായത്. ബാക്കി കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചു. 2019 ല്‍ മോഷണം നടത്തിയതിന് ബാബു സൊഹറയുടെ പേരില്‍ പാലാരിവട്ടം സ്റ്റേഷനില്‍ കേസുണ്ട്.
കലൂര്‍ ദേശാഭിമാനി റോഡിലെ ഫ്രണ്ടസ് ലെയ്നിലുള്ള കല്ലുംപുറത്ത് കോശി ഐസക് പണിക്കരുടെ വീട്ടില്‍നിന്നാണ് 70 പവനും 10,000 രൂപയും ആധാരവും പ്രതികള്‍ കവര്‍ന്നത്. 24 ന് പുലര്‍ച്ചെ 12.30 നും 1.30 നും ഇടയ്ക്കാണ് മോഷണം നടന്നതെന്നാണ് നിഗമനം. രണ്ട് അജ്ഞാതര്‍ വീടിന്റെ മതില് ചാടി അകത്ത് കടക്കുന്ന ദൃശ്യം സമീപവീട്ടിലെ സിസിടിവിയില്‍ നിന്ന് ലഭിച്ചിരുന്നു.
ശൗചാലയത്തിന്റെ വെന്റിലേഷന് തകര്‍ത്ത് വീടിനുള്ളില്‍ കയറിയ ഇവര്‍ കിടപ്പുമുറിയിലെ അലമാര കുത്തിത്തുറന്നാണ് ആഭരണവും പണവും അപഹരിച്ചത്.
കെഎസ്ഇബിയില്‍ എക്സിക്യൂട്ടീവ് എന്‍ജിനീയറായ വീട്ടുടമസ്ഥന് തൃശൂരിലും ബാങ്ക് ജീവനക്കാരിയായ ഭാര്യ ബംഗളൂരുവിലുമാണ് ജോലി ചെയ്യുന്നത്. മക്കളും ഇതരസംസ്ഥാനങ്ങളിലാണ് താമസം. 2024 മാര്‍ച്ച് മുതല്‍ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. 25 ന് രാവിലെ ഫോറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും പോലീസ് ഡോഗ് സ്ക്വാഡും വീട്ടില്‍ പരിശോധന നടത്തിയിരുന്നു. പ്രതികളെ കോടതിയില്‍ ഹാജാരാക്കി റിമാന്‍ഡ് ചെയ്തു.
അന്വേഷണ സംഘത്തില്‍ എസ്ഐ യാസിന്, എഎസ്ഐ എബിന്, സിപിഒമാരായ അജിലേഷ്, വിബിന്, ബിനോജ്, ഉണ്ണികൃഷ്ണന്, ഷിജു കോയ എന്നിവരും ഉണ്ടായിരുന്നു.