നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ കൊല്ലണം: കത്തോലിക്ക കോൺഗ്രസ്
1508445
Sunday, January 26, 2025 4:14 AM IST
കൊച്ചി: നാട്ടിലിറങ്ങി മനുഷ്യരെ കൊല്ലുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്ന വന്യമൃഗങ്ങളെ കൊല്ലാനുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്ന് കത്തോലിക്ക കോൺഗ്രസ് എറണാകുളം- അങ്കമാലി അതിരൂപത സമിതി ആവശ്യപ്പെട്ടു.
വന്യമൃഗ ആക്രമണത്തിൽ കേരളത്തിൽ നിരവധി ആളുകൾ കൊല്ലപ്പെട്ടിട്ടും സർക്കാരുകളും പ്രതിപക്ഷവും സ്വീകരിക്കുന്ന നിലപാടുകൾ അതീവ കുറ്റകരമാണ്. സംസ്ഥാന വനം വകുപ്പ് ജനങ്ങളെ വെല്ലുവിളിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്.
വനം വകുപ്പ് പിരിച്ചുവിടുക , വനംമന്ത്രിക്ക് എതിരെ കൊലക്കുറ്റത്തിന് കേസെടുക്കുക, ജനങ്ങളുടെ ആവശ്യങ്ങൾക്ക് നേരെ നിസ്സംഗത പുലർത്തുന്ന വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കുക, വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം കാണുക,
വന്യമൃഗങ്ങളെ വനത്തിനുള്ളിൽ നിലനിർത്തുന്നതിനുള്ള നടപടികൾ കൈക്കൊള്ളുക, ജനങ്ങളുടെ ജീവനും, കൃഷിക്കും സംരക്ഷണം ഉറപ്പാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉയർത്തി ശക്തമായ സമരപരിപാടികൾക്ക് കത്തോലിക്ക കോൺഗ്രസ് നേതൃത്വം നൽകും.
അതിരൂപത പ്രസിഡന്റ് ഫ്രാൻസിസ് മൂലൻ അധ്യക്ഷത വഹിച്ചു. ഗ്ലോബൽ വൈസ് പ്രസിഡന്റ് ബെന്നി ആന്റണി മുഖ്യപ്രഭാഷണം നടത്തി . ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ ചെന്നേക്കാടൻ, ട്രഷറർ എസ്.ഐ. തോമസ്,
ഭാരവാഹികളായ ഡെന്നി തോമസ്, വർഗീസ് കോയിക്കര, ബേബി പൊട്ടനാനി, ജോൺസൺ പടയാട്ടി, ജോസ് ആന്റണി, കെ.പി. പോൾ, ആന്റണി പാലമറ്റം, സെജോ ജോൺ, എൻ. ഒ. ജോർജ്, മേഴ്സി കവലക്കാട്ട്, മാത്യു കണ്ണമ്പുഴ തുടങ്ങിയവർ പ്രസംഗിച്ചു.