സ്ലാബ് ഇളകിമാറിയതോടെ കാൽനട യാത്രക്കാർ ദുരിതത്തിൽ
1508277
Saturday, January 25, 2025 4:35 AM IST
മൂവാറ്റുപുഴ: പിഒ ജംഗ്ഷനിലെ ഓടയുടെ സ്ലാബ് ഇളകിമാറിയതോടെ കാൽനട യാത്രക്കാർ ദുരിതത്തിൽ. ദിനംപ്രതി വിദ്യാർഥികളടക്കം നൂറ് കണക്കിന് കാൽനടയാത്രക്കാർ സഞ്ചരിക്കുന്ന പിഒ ജംഗ്ഷനിൽ നിന്ന് കാവുംപടി റോഡിലേക്ക് ഇറങ്ങുന്ന നടപ്പാതിലെ ഓടയുടെ സ്ലബാണ് ദിവസങ്ങളായി തകർന്നുകിടക്കുന്നത്.
റോഡിന് സമീപത്തെ സ്ലാബ് ഇളകിമാറിയിരിക്കുന്നത് ശ്രദ്ധയിൽപെടാതെയെത്തുന്ന യാത്രക്കർ ഓടിയിൽ വീണ് അപകടമുണ്ടാകാൻ സാധ്യതയേറെയാണ്. കാവുംപടി റോഡും, മൂവാറ്റുപുഴ - തൊടുപുഴ റോഡും സംഗമിക്കുന്നിടത്താണ് അപകട ഭീഷണിയായി സ്ലാബ് മാറിക്കിടക്കുന്നത്.
സ്ലാബുകൾക്കിടയിൽ വലിയ വിടവുള്ളതിനാൽ യാത്രക്കാർക്ക് നടപ്പാതയിൽ നിന്നും റോഡിലേക്കിറങ്ങി സഞ്ചരിക്കേണ്ട അവസ്ഥയാണ്. തുടർച്ചയായി വാഹനങ്ങൾ കടന്നുപോകുന്ന റോഡിലേക്ക് യാത്രക്കാർ അപ്രതീക്ഷിതമായി ഇറങ്ങുന്നത് അപകട സാധ്യത വർധിപ്പിക്കുന്നു.
സമീപത്ത് പ്രവർത്തിക്കുന്ന സ്കൂളുകളിലേക്കുള്ള വിദ്യാർഥികളടക്കം ഇതുവഴിയാണ് കാൽനടയായി പോകുന്നത്. ഇതിനുപുറമേ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലേക്ക് പോകേണ്ടവരും ഇതുവഴി വേണം കടന്നുപോകാൻ. അധികൃതർ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.