കുറുപ്പംപടിയിലെ മൊബൈൽ ഫാം എയ്ഡ് യൂണിറ്റ് വീണ്ടും തുറക്കും
1478138
Monday, November 11, 2024 4:09 AM IST
പെരുമ്പാവൂർ: നൂറൂകണക്കിന് ക്ഷീരകർഷകർക്ക് ആശ്വാസമായി കുറുപ്പംപടി ബസ് സ്റ്റാൻഡിൽ പ്രവർത്തിച്ചിരുന്ന ജില്ലാ പഞ്ചായത്ത് മൊബൈൽ എയ്ഡ് ഫാം യൂണിറ്റ് ഇനി മുതൽ ഭാഗികമായി പ്രവർത്തനമാരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അറിയിച്ചു
വർഷങ്ങളായി ദിനം പ്രതി നിരവധി മൃഗങ്ങളുടെ പരിശോധനയ്ക്കും ചികിത്സസയ്ക്കും ഏറെ സഹായകരമായിരുന്ന ഈ സ്ഥാപനത്തിലേക്ക് അനുവദിച്ചിരുന്ന വെറ്റിനറി ഡോക്ടറുടെ തസ്തിക മൃഗസംരക്ഷണ വകുപ്പ് പിൻവലിച്ചതാണ് മൊബൈൽ ഫാം എയ്ഡ് യൂണിറ്റിന്റെ പ്രവർത്തനം നിലച്ചത്
കുറുപ്പംപടി ബസ് സ്റ്റാൻഡിൽ മൃഗങ്ങളെ പരിശോധനയ്ക്കാ യി കൊണ്ടു വരുമ്പോൾ കെട്ടുന്നതിനും പരിശോധിക്കുന്നതിനുമൊക്കെയുള്ള എല്ലാ സൗകര്യങ്ങളുള്ള കെട്ടിടം ജില്ലാ പഞ്ചായത്ത് ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്
സ്ഥാപനത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്കും ജില്ലാ പഞ്ചായത്ത് എല്ലാ വർഷവും ഫണ്ട് വകയിരുത്തുന്നുമുണ്ട്. കർഷകർക്ക് ഏറെ സഹായകരമായി മുന്നോട്ടു പോകുന്ന വേളയിൽ പൊടുന്നനെ ഡോക്ടറെ പിൻവലിച്ചത് കുറുപ്പംപടി മേഖലയിലുള്ള കർഷകർക്ക് വളരെയേറെ പ്രയാസമുണ്ടാക്കിയിരുന്നു. ഇതിനെതിരെ കർഷകരുടെ ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ അടിയന്തിരമായി ജില്ലാപഞ്ചായത്ത് ഭരണസമിതി യോഗം കൂടി പ്രമേയം പാസാക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണിക്ക് നിവേദനം സമർപ്പിച്ചിരുന്നു. ആഴ്ചയിൽ മൂന്നു ദിവസം വീതമാണ് മൊബൈൽ ഫാം യൂണിറ്റിൽ വെറ്റിനറി ഡോക്ടറുടെ സേവനം ലഭ്യമായിട്ടുള്ളതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ പറഞ്ഞു.
എറണാകുളത്തെ മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള മൊബൈൽ ക്ലിനിക്കിന്റെ സേവനമാണ് ഒന്നിടവിട്ട ദിവസങ്ങളിൽ രാവിലെ ഒന്പതു മുതൽ ഉച്ചയ്ക്ക് ഒന്നു വരെ കുറുപ്പംപടിയിൽ ലഭ്യമാകുന്നതെന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസർ ഡോ: ജി. സജികുമാർ പറഞ്ഞു. എല്ലാദിവസവും സ്ഥിരമായി ഡോക്ടറുടെ സേവനം ലഭ്യമാക്കാനുളള ശ്രമങ്ങൾ നടത്തി വരികയാണെന്നും മാസങ്ങൾക്കുളളിൽ ആ സാഹചര്യവും ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഇന്ന് രായമംഗലം പഞ്ചായത്ത് മൃഗാശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനചടങ്ങിൽ മൊബൈൽ എയ്ഡ് ഫാം വാഹനത്തിന്റെ ഫ്ലാഗ് ഓഫ് നിർവഹിക്കും.