മാലിന്യം തള്ളൽ: നടപടി സ്വീകരിക്കാത്തതിൽ തിരിതെളിച്ച് പ്രതിഷേധം
1478002
Sunday, November 10, 2024 7:20 AM IST
കല്ലൂർക്കാട്: കല്ലൂർക്കാട് പഞ്ചായത്ത് രണ്ടാം വാർഡിൽ മൂവാറ്റുപുഴ - തേനി ദേശീയ പാതയോരത്തെ ജനവാസ മേഖലയിൽ മാലിന്യം തള്ളിയ സാമൂഹ്യവിരുദ്ധർക്കെിരേ നടപടി സ്വീകരിക്കാത്തതിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. കഴിഞ്ഞമാസമാണ് ടണ്‍ കണക്കിന് മാലിന്യം കുടിവെള്ള സ്രോതസുകൾക്കു സമീപം ജനവാസ മേഖലയിൽ നിക്ഷേപിച്ചത്.
നാട്ടുകാരും പൊതുപ്രവർത്തകരും പലതവണ പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ലെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. കുറ്റക്കാരെ കണ്ടെത്തണമെന്നും മാലിന്യം നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് ജനകീയ പ്രതിഷേധം ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം കല്ലൂർക്കാട് ഗ്രോട്ടോ ജംഗ്ഷനിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചത്. സാമൂഹിക പ്രവർത്തകൻ എ.പി. രതീഷ് തിരികത്തിച്ച് പ്രതിഷേധത്തിന് തുടക്കംകുറിച്ചു.
സ്ത്രീകൾ അടക്കം നിരവധി പേർ പ്രതിഷേധസമരത്തിൽ പങ്കെടുത്തു. ലോറിയിൽ കൊണ്ടുവന്നു തള്ളിയ മാലിന്യം നീക്കം ചെയ്ത് പരിസരം വൃത്തിയാക്കുന്നതു വരെ പ്രതിഷേധം തുടരുമെന്ന് സംഘാടകർ പറഞ്ഞു. ജോളി ജോസഫ്, സിജോ കൊട്ടാരം, ജോമോൻ ജേക്കബ്, സോട്ടർ തോമസ്, ബാലാജി, സണ്ണി തോമസ്, എസ്.വി പ്രജിത, ബിന്ദു വിനേഷ് എന്നിവർ നേതൃത്വം നൽകി.