"അക്ഷരമുറ്റത്ത് പൂവും കായും' പദ്ധതിക്കു തുടക്കമായി
1461361
Wednesday, October 16, 2024 3:37 AM IST
നെടുമ്പാശേരി: പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ അക്ഷരമുറ്റത്ത് പൂവും കായും എന്ന പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം ചെങ്ങമനാട് ഗവ. എൽപി സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് നടത്തി.
ബ്ലോക്ക് പരിധിയിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ വിദ്യാർഥികളിൽ കൃഷി അവബോധം സൃഷ്ടിക്കുക, കൃഷി രീതികൾ പരിശീലിപ്പിക്കുക, സുരക്ഷിത ഭക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളെ മുൻനിർത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.
കൃഷിഭവൻ, സ്കൂൾ പിടിഎ, സഹകരണ ബാങ്കുകൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളുടെ പങ്കാളിത്തതോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്കൂളുകളിൽ രൂപീകരിച്ചിട്ടുള്ള ഫാർമേഴ്സ് ക്ലബ്ബുകളാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്.
ചെങ്ങമനാട് ഗവ. എൽപി സ്കൂളിൽ നടന്ന ചടങ്ങിൽ ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ മുരളീധരൻ അധ്യക്ഷയായിരുന്നു.