വീടുകളിലെ നെയിം ബോർഡുകൾ മോഷ്ടിക്കുന്നയാൾ പിടിയിൽ
1460221
Thursday, October 10, 2024 7:24 AM IST
ആലുവ: വീടുകളിലെ മതിലുകളിലും ഗേറ്റുകളിലും സ്ഥാപിച്ചിട്ടുള്ള തകിടിലുള്ള നെയിംബോർഡുകൾ മോഷ്ടിക്കുന്നയാൾ നാട്ടുകാരുടെ പിടിയിലായി. തൃശൂർ വേലൂർ സ്വദേശി കുമാർ കൃഷ്ണൻ (57) ആണ് പിടിയിലായത്.
ബുധനാഴ്ച പുലർച്ചെ മൂന്നരയോടെ പിടിയിലായ മോഷ്ടാവിന്റെ കൈയിലുണ്ടായിരുന്ന ചാക്കിൽ നിന്ന് കൂടുതൽ നെയിം ബോർഡുകൾ ലഭിച്ചു. തോട്ടുമുഖം പോസ്റ്റ് ഓഫീസിന് സമീപം ചൊവ്വര കവലയിലുള്ള ചെറോടത്ത് സക്കരിയ അലിയുടെ വീട്ടിലെ നെയിംബോർഡ് മോഷ്ടിക്കുന്നതിനിടെ സമീപത്ത് താമസിക്കുന്ന ഓട്ടോ ഡ്രൈവർ മനാഫാണ് പ്രതിയെ ആദ്യം കണ്ടത്.
കൂടുതൽ പരിശോധിച്ചപ്പോൾ മഹിളാലയം മുതലുള്ള നിരവധി വീടുകളിലെ ബോർഡുകൾ മോഷ്ടാവിൽ നിന്നു കണ്ടെത്തി. ഉടനെ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തു.