വരുന്നത് സ്പോര്‍ട്സ് സിറ്റി; അംബേദ്കര്‍ സ്റ്റേഡിയം സൂപ്പറാകും
1459002
Saturday, October 5, 2024 4:40 AM IST
കൊച്ചി: ജീര്‍ണാവസ്ഥയിലുള്ള എറണാകുളം അംബേദ്കര്‍ സ്റ്റേഡിയത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ സ്റ്റേഡിയത്തിലെ ഗാലറി പൊളിച്ചു നീക്കിത്തുടങ്ങി. ഒരുമാസത്തിനകം ഈ ജോലികള്‍ പൂര്‍ത്തിയാക്കി അടുത്തഘട്ടത്തിലേക്ക് കടക്കും. 80 കോടി രൂപയോളം ചെലവഴിച്ച് സ്പോര്‍ട്സ് അക്കാദമി അടക്കമുള്ള സൗകര്യങ്ങളോടെയാകും അംബേദ്കര്‍ സ്റ്റേഡിയം മുഖംമിനുക്കി തിരിച്ചെത്തുക.
നിലവില്‍ സാമൂഹിക വിരുദ്ധരുടെയടക്കം താവളമായ സ്റ്റേഡിയം പുതുക്കി പണിത് സംരക്ഷിക്കണമെന്ന കായികപ്രേമികളുടെ ദീര്‍ഘകാല ആവശ്യത്തിനാണ് ഇതോടെ അന്ത്യമായിരിക്കുന്നത്. 6.9 ഏക്കര്‍ വരുന്ന സ്റ്റേഡിയം പരിസരത്ത് അംഗീകൃത ലേഔട്ട് പ്ലാന്‍ പ്രകാരം സ്റ്റേഡിയത്തിന് ചുറ്റും നിര്‍ദിഷ്ട റിംഗ് റോഡിനും സ്റ്റേഡിയത്തിലെ കടകള്‍ പുനരധിവസിപ്പിക്കുന്നതിനായി പുതുതായി നിര്‍മ്മിച്ച വാണിജ്യ കെട്ടിടത്തിനും സ്ഥലം തിരിച്ച് പുനര്വികസിപ്പിച്ചെടുക്കാനുമാണ് നിലവില്‍ ജിസിഡിഎ ലക്ഷ്യം വയ്ക്കുന്നത്.
സ്പോര്‍ട്സ് സിറ്റിയില്‍ എന്തൊക്കെ
നിര്‍ദ്ദിഷ്ട സ്പോര്‍ട്സ് സിറ്റിയില്‍ സ്പോര്‍ട്സ് അക്കാദമി, ഫുട്ബോള്‍ കോര്‍ട്ട്, ഹോക്കി ഫീല്‍ഡ്, ബാസ്കറ്റ് ബോള്‍ കോര്‍ട്ട്, വോളിബോള്‍ കോര്‍ട്ട്, നീന്തല്‍ക്കുളം, ഇന്‍ഡോര്‍ സ്റ്റേഡിയം (ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ് മുതലായവ), ജിംനേഷ്യം, സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും വേണ്ടിയുള്ള ഡോര്‍മിറ്ററികള്‍, ലോക്കറുകള്‍, മെഡിക്കല്‍ സൗകര്യങ്ങള്‍ എന്നിവ ഉണ്ടായിരിക്കും.
കഫറ്റീരിയയ്ക്കും അഡ്മിനിസ്ട്രേഷന് ഓഫീസിനും പുറമേ സ്പോര്‍ട്സ് സിറ്റിയില്‍ കുറഞ്ഞത് 100 കാറുകള്‍ക്കും 10 ബസുകള്‍ക്കും പാര്‍ക്കിംഗ് ഏരിയ ഒരുക്കാനാണ് നിലവില്‍ ലക്ഷ്യമിടുന്നത്.
സ്പോര്‍ട്സ് സിറ്റിയുടെ തുടര്‍ന്നുള്ള പരിപാലനം സംരക്ഷണവുമെല്ലാം ജിഡിസിഎ തന്നെയാകും.