സിബിഎസ്ഇ സ്കൂൾ കലോത്സവം; കലാകേളിയുമായി വിദ്യാർഥികൾ
1458796
Friday, October 4, 2024 4:13 AM IST
മൂവാറ്റുപുഴ: സിബിഎസ്ഇ സെൻട്രൽ കേരള സഹോദയ സ്കൂൾ കലോത്സവം ‘സർഗധ്വനി’യുടെ പ്രചരണാർത്ഥം മൂവാറ്റുപുഴ നിർമല പബ്ലിക് സ്കൂൾ വിദ്യാർഥികൾ നഗരത്തിൽ സംഘടിപ്പിച്ച കലാകേളി വ്യത്യസ്ഥമായി. കലോത്സവ ഗാനത്തോടെ നഗരത്തിലെത്തിയ വിദ്യാർഥികൾ വൈവിധ്യമാർന്ന കലാപരിപാടികൾ അവതരിപ്പിച്ചു.
ബാൻഡ് ഡിസ്പ്ലേയുടെ അകന്പടിയോടെയായിരുന്നു കലാകേളി അരങ്ങേറിയത്. വിദ്യാഭ്യാസത്തിൽ കലയുടെ പ്രാധാന്യം വിളിച്ചോതി തിരുവാതിര, മാർഗം കളി, ഒപ്പന തുടങ്ങിയ കലാപരിപാടികൾ അവതരിപ്പിച്ചു.
മത സൗഹാർദം ഊട്ടിയുറപ്പിക്കുന്നതായിരുന്നു കലാകേളി. വേഷ ഭൂഷാദികളും പരിപാടിയെ വ്യത്യസ്ഥമാക്കി. മുവാറ്റുപുഴ ഹോളി മാഗി ഫൊറോന പള്ളി അങ്കണത്തിൽ ഇതോടനുബന്ധിച്ച് കരാട്ടേ, സ്കേറ്റിംഗ്, യോഗ എന്നീ ആയോധനകലകളും അവതരിപ്പിച്ചു. വിദ്യാർഥികളുടെ കലാ പ്രകടനം കാണാൻ നിരവധി പേർ എത്തിയിരുന്നു. ഏഴിന് ആരംഭിക്കുന്ന സിബിഎസ്ഇ കലോത്സവം സർഗധ്വനിയുടെ വിളംബരമായി കലാകേളി മാറി.
നിർമല പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ. പോൾ ചുരത്തൊട്ടി, പ്രധാനാധ്യാപിക സിസ്റ്റർ ലിജിയ എഫ്സിസി, പിടിഎ പ്രസിഡന്റ് സി.വി. ജോണി, എംപിടിഎ പ്രസിഡന്റ് മഞ്ജു സുലീപ്, കോ-ഓർഡിനേറ്റർമാരായ ജെയ്ബി കുരുവിത്തടം, എം.എസ്. ബൈജു, ജിൻസി ജോർജ് എന്നിവർ നേതൃത്വം നൽകി.