ചെല്ലാനത്ത് സിഎസ്എസ്എസ് ഭവന പുനരധിവാസ പദ്ധതിക്ക് തുടക്കം
1458215
Wednesday, October 2, 2024 3:49 AM IST
കൊച്ചി: കൊച്ചിന് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ചെല്ലാനം പഞ്ചായത്തില്‍ ഭവന പുനരധിവാസ പദ്ധതിക്ക് തുടക്കമായി.
കടലാക്രമണം ഉള്‍പ്പെടെയുള്ള പ്രകൃതിദുരന്തത്തില്‍ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ച ഭവനങ്ങള്‍ പുനര്‍നിര്‍മിക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്ക് ധനസഹായം വിതരണം ചെയ്തു. ചെല്ലാനം സെന്റ് സെബാസ്റ്റ്യന്‍സ് പളളി മിനി പാരീഷ് ഹാളില്‍ നടന്ന പരിപാടിയില്‍ കെ.ജെ. മാക്സി എംഎല്‍എ ധനസഹായമായി ആകെ 26 ലക്ഷം രൂപയാണ് വിതരണം ചെയ്തത്.
പുതിയ കടല്‍ഭിത്തി നിര്‍മിച്ചതിലൂടെ ചെല്ലാനം തീരമേഖല സംരക്ഷിക്കപ്പെട്ടുവെന്നും ഇത് അടുത്ത പ്രദേശങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുമെന്നും എംഎല്‍എ പറഞ്ഞു.
ചെല്ലാനം ഇടവക വികാരി ഫാ. സിബിച്ചന് ചെറുതീയ്യില്‍ അധ്യക്ഷത വഹിച്ചു. സിഎസ്എസ്എസ് ഡയറക്ടര്‍ റവ. ഡോ. അഗസ്റ്റിന് കടേപ്പറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. പദ്ധതിക്ക് ധനസഹായം നല്‍കുന്നത് ഇറ്റലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിഇഐ എന്ന സംഘടനയാണ്. സിഎസ്എസ്എസ് അസി. ഡയറക്ടര്‍ ഫാ. ജെയ്ഫിന് കട്ടികാട്ട്, ബാബു കാളിപ്പറമ്പില്‍, ലാലി സേവ്യര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.